മകൾക്കെതിരെ കൊഫേ പോസ ചുമത്തുമെന്ന് പറഞ്ഞ് സ്വപ്‌നയെ ഭീഷണിപ്പെടുത്തി; പിണറായി വിജയൻ പെട്ടന്ന് പാരച്യൂട്ടിൽ വന്നിറങ്ങിയ ആളല്ലെന്ന് എം എ ബേബി
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയാണ് സർക്കാരിനെതിരെയായ മൊഴി നൽകിച്ചതെന്ന് സി പി എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. സ്വപ്‌നയുടെ മകളെ വച്ചാണ് ഭീഷണിപ്പെടുത്തിയത്. മകൾക്കെതിരേയും കൊഫേ പോസ ചുമത്തുമെന്ന് പറഞ്ഞപ്പോഴാണ് സ്വപ്‌ന ഭീഷണിയ്‌ക്ക് വഴങ്ങിയതെന്നും ബേബി ആരോപിച്ചു.
തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിന് മുന്നിലെ സി പി എം മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു ബേബിയുടെ ആരോപണം. ഇ ഡിയുടേയും കസ്റ്റംസിന്റെയും എൻ ഐ എയുടെയും കസ്റ്റഡിയിൽ വച്ച് ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിലൊന്നും പുറത്തുവരാത്ത മൊഴി തിരഞ്ഞെടുപ്പ് കാലത്ത് വന്നതിൽ ദുരൂഹതയുണ്ട്. 32 ദിവസമാണ് മൂന്ന് ഏജൻസികളും സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്‌തത്. ഈ 32 ദിവസവും സ്വപ്‌ന സുരേഷ് ഇങ്ങനെ ഒരു ഏറ്റുപറച്ചിൽ നടത്തിയിട്ടില്ലെന്നും ബേബി പറഞ്ഞു.
സ്വപ്‌നയെ ഭീഷണിപ്പെടുത്തുകയും പ്രലോഭിക്കുകയും ചെയ്‌തിട്ടുണ്ട്. പിണറായി വിജയൻ പെട്ടന്ന് പാരച്യൂട്ടിൽ വന്നിറങ്ങിയ ആളല്ല. അദ്ദേഹം നിരവധി പോരാട്ടങ്ങളിലൂടെ വളർന്നു വന്ന ആളാണ്. സംഘപരിവാറിന്റെ പിൻപാട്ടുകാരായി കോൺഗ്രസ് മാറുന്നതായും ബേബി കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസിനെ മുൻനിര്‍ത്തി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ കസ്റ്റംസ് ഓഫീസുകളിലേക്ക് എൽ ഡി എഫ് മാർച്ച് നടത്തിയത്.