'മറ്റ് ഏജൻസികളുടെ മുമ്പിൽ പറയാത്ത കാര്യം കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്ത്?'; ഏജൻസികളുടെ ആക്രമണോത്സുകത കൂടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ഏജൻസികളുടെ ആക്രമണോത്സുകത ഇപ്പോൾ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.
മറ്റ് ഏജൻസികൾക്ക് നൽകാത്ത മൊഴി സ്വപ്ന എങ്ങനെയാണ് നല്കിയതെന്നതിൽ വിശദീകരണം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെയും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തി. കസ്റ്റംസ് കമ്മീഷണറുടെ ലക്ഷ്യം തിരഞ്ഞെടുപ്പാണെന്നും യുഡിഎഫിനും ബിജെപിക്കും വേണ്ടി കസ്റ്റംസ് വീടുവേല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേട്ടുകേൾവിയില്ലാത്ത നടപടിയാണ് കസ്റ്റംസിന്റേതെന്നും കസ്റ്റംസ് കമ്മീഷണർ മന്ത്രിസഭയെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഇതിപ്പോൾ നയിക്കുന്നത് കസ്റ്റംസാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിനിടെ പൂഴിക്കടകൻ അടവാണ് കേന്ദ്ര ഏജൻസി പുറത്തെടുക്കുന്നതെന്നും ജനമനസുകളിൽ വിഭ്രാന്തി ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണം ആരിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സാധിച്ചോ എന്നും ഏജൻസികൾ ഇത്തരത്തിൽ പോകേണ്ടവരല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏജൻസികളുടെ ഇടപെടൽ സംശയകരമാണെന്നും ചരടുവലിക്കനുസരിച്ചാണ് ഏജൻസികൾ നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിൽ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടാണ് ഉള്ളത്. ഇപ്പോൾ നടക്കുന്നത് ഒരുതരം പാവകളിയാണ്. സർക്കാരിന്റെ നല്ലപേരിനെ തകർക്കാൻ സ്വർണക്കടത്തിന് ഉപയോഗിച്ചു. അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് നീക്കത്തിൽ നിയമനടപടി ഉണ്ടാകുമെന്നും അതിന്റെ നിയമസാധുതകൾ അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യം മുതൽക്ക് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അവർ ലക്ഷ്യമിട്ടു. ഏജൻസികൾ വേണ്ടപ്പെട്ടവരെ സംരക്ഷിച്ചു. കേസിലെ പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജൻസികൾ മുതലെടുക്കുകയാണ്. സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം മൂലം സർക്കാരിന്റെ യശ്ശസിന് കോട്ടം സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.