നെല്ല് സംഭരണം: ജില്ലാ പഞ്ചായത്ത് ഇടപെടുന്നു

Sunday 07 March 2021 12:52 AM IST

കടുത്തുരുത്തി : താരയുടെ പേരിലുള്ള തർക്കംമൂലം (കിഴിവ്) വിവിധ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അറിയിച്ചു. താരയുടെ പേരിൽ ഇടനിലക്കാരായ മില്ലുടമകളും, അവരുടെ ഏജന്റ്മാരും ചൂഷണം ചെയ്യാൻ അനുവദിക്കില്ല. കടുത്തുരുത്തിയിലെയും പരിസര പാടശേഖരങ്ങളിലും വിവിധ സ്ഥലങ്ങളിൽ വിൽക്കാതെ കൂട്ടിയിട്ടിരിക്കുന്ന നെല്ല് കണ്ടു മനസ്സിലാക്കാനും, കൃഷിക്കാരുടെ പരാതി നേരിട്ട് കേൾക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വിവിധ ജനപ്രതിനിധികളും പാടശേഖരങ്ങൾ നേരിട്ട് സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ സാജു, വൈസ് പ്രസിഡന്റ് സി.വി പ്രമോദ്, ബ്ലോക്ക് മെമ്പർ സെലീനാമ്മ ജോർജ്, മെമ്പർമാരായ പൗളി ജോർജ്, കെ.എസ്.സുമേഷ്, സുകുമാരി ഐഷ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.