'പ്രവ‌ർത്തകരല്ല പാ‌ർട്ടി': പി ജയരാജനുവേണ്ടി ശബ്ദമുയർത്തിയ പ്രവർത്തകനെ സിപിഎം പുറത്താക്കി

Saturday 06 March 2021 9:01 PM IST

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പരസ്യ പ്രതികരണം നടത്തിയ മുൻ കണ്ണൂർ ജില്ലാ സ്‌പോർട്സ് കൗൺസിൽ ഉപാദ്ധ്യക്ഷൻ ധീരജ് കുമാറിനെ പാർട്ടി പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ ധീരജ് പ്രതികരിക്കുകയും സ്‌പോർട്സ് കൗൺസിൽ ഉപാദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയും ചെയ്തിരുന്നു.

കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സ്‌പോർട്സ് കൗൺസിൽ ഉപാദ്ധ്യക്ഷ സ്ഥാനം രാജിവച്ചതെന്ന് ധീരജ് നേരത്തെ പറഞ്ഞിരുന്നു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയിൽ അദ്ദേഹത്തിന് പങ്കില്ല, സ്വന്തം തീരുമാനമാണ്. പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. സി.പി.എം ചെട്ടിപ്പീടിക ബ്രാഞ്ചംഗമായിരുന്നു ധീരജ്.