കോമരങ്ങളുടെ പ്രതിഷേധ പ്രദക്ഷിണം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കോമരങ്ങളുടെ പ്രതിഷേധ പ്രദക്ഷിണം. മീനഭരണി ആഘോഷത്തോട് അനുബന്ധിച്ച് ആചരാനുഷ്ഠാനങ്ങൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോമരങ്ങൾ പ്രതിഷേധിച്ചത്. കൊടുങ്ങല്ലൂർ ഭഗവതി വെളിച്ചപ്പാട് സംഘത്തിന്റെ നേതൃത്വത്തിൽ ഇരുനൂറിലധികം വരുന്ന കോമരങ്ങളും ഭക്തരുമാണ് ക്ഷേത്രത്തിൽ പ്രതിഷേധവുമായെത്തിയത്.
ഇന്നലെ രാവിലെ 8.30 ഓടെ കോമരങ്ങളും ഭക്തരും കിഴക്കെ നടയിൽ എത്തി പ്രതിഷേധം ആരംഭിച്ചു. ക്ഷേത്രാങ്കണത്തിൽ ഉറഞ്ഞു തുള്ളിയ കോമരങ്ങൾ രക്തം ചിന്തിയാണ് മടങ്ങിയത്. പരമ്പരാഗത ആചാരങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഭക്തർ മുന്നറിയിപ്പു നൽകി. കൊടുങ്ങല്ലൂർ ഭഗവതി വെളിച്ചപ്പാട് സംഘം പ്രസിഡന്റ് സുഭദ്രാമ്മ, സെക്രട്ടറി ഷിബു വെളിച്ചപ്പാട്, വൈസ് പ്രസിഡന്റ് ഗിരീശൻ കൊടുങ്ങല്ലൂർ, രക്ഷാധികാരി ഗോപി എന്നിവർ നേതൃത്വം നൽകി.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷം കർശന നിയന്ത്രണങ്ങളോടെ ചടങ്ങുകൾ മാത്രമായി നടത്താൻ ജില്ലാ ഭരണകൂടവും കൊച്ചിൻ ദേവസ്വം ബോർഡും തീരുമാനിച്ചിരുന്നു.