പണം തട്ടിപ്പ് കേസ്; സരിത എസ് നായർക്ക് അറസ്റ്റ് വാറന്റ്

Saturday 06 March 2021 11:20 PM IST

തിരുവനന്തപുരം: പണം തട്ടിച്ച കേസിൽ സരിത എസ് നായർക്ക് അറസ്റ്റ് വാറന്റ്. പത്ത് കോടി എ.ഡി.ബി വായ്പ നൽകാമെന്ന് പറഞ്ഞ് നാലരലക്ഷം രൂപ തട്ടിയ കേസിലാണ് വാറന്റ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാം പ്രതിയായ സരിത കോടതിയിൽ ഹാജരാകാത്തതിനാലാണ് കോടതി ഈ നടപടി സ്വീകരിച്ചത്. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്.

കാട്ടാക്കട സ്വദേശി അശോക് കുമാറിന്റെ ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്ന് പറഞ്ഞാണ് സരിത പണം വാങ്ങിയത്.

രജിസ്ട്രേഷൻ തുകയായി 4,50,000 രൂപ നൽകണമെന്ന് അറിയിച്ചപ്പോഴാണ് പണം നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന് അറിഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണനെ നേരത്തെ ശിക്ഷിച്ചിരുന്നു.