കേന്ദ്രമന്ത്രി മുരളീധരനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുരളീധരൻ മന്ത്രിയായതിനുശേഷമാണ് നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ആരോപിച്ചു.
നയതന്ത്ര ചാനലിലൂടെയാണ് സ്വർണക്കടത്ത് നടന്നതെന്ന് കേന്ദ്ര ധനസഹമന്ത്രി പാർലമെന്റിൽ പറഞ്ഞപ്പോൾ അതിന് വിരുദ്ധമായ നിലപാട് ഈ മന്ത്രി ആവർത്തിച്ചത് എന്തിനായിരുന്നു? വിദേശത്ത് നിന്ന് പ്രതിയെ വിട്ടുകിട്ടാത്തത് എന്തുകൊണ്ടാണെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വിദേശകാര്യ സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മന്ത്രി മറുപടി പറഞ്ഞത്. ഈ മന്ത്രിയാണിപ്പോൾ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്.
വേണ്ടപ്പെട്ടവരിലേക്ക് അന്വേഷണം എത്തിയപ്പോൾ വേഗത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതും നാം കണ്ടതാണ്. നെഞ്ചിടിപ്പ് കൂടുന്നത് പ്രതികളെ സഹായിച്ചവർക്കാണ്. അതാരെന്ന് കൂടുതൽ വ്യക്തമായി വരുന്നുണ്ട്. ഉത്തരവാദപ്പെട്ട കസേരയിലിരുന്നുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.