കോടിയേരി മാപ്പ് പറയണം: ചെന്നിത്തല
തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണൻ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ധാർമ്മികതയുടെ കണിക പോലുമില്ലാത്തതുകൊണ്ടാണ് സ്വന്തം ഭാര്യയുടെ കൈയിൽ ഫോണിരിക്കുമ്പോൾ അത് പ്രതിപക്ഷ നേതാവിനാണ് കിട്ടിയതെന്ന് കോടിയേരി പറഞ്ഞത്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ് കോടിയേരി പറഞ്ഞത്. ഇപ്പോൾ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും ബംഗളൂരുവിലുമെല്ലാം കിട്ടി. കോടിയേരി അന്ന് പച്ചക്കള്ളം പറയുക മാത്രമല്ല, സി.പി.എമ്മിന്റെ സൈബർ ഗുണ്ടകൾ ഇതിന്റെ പേരിൽ തന്നെ ഹീനമായി ആക്രമിക്കുകയും ചെയ്തു. കോടിയേരിക്കെതിരെ താൻ നൽകിയ മാനനഷ്ട നോട്ടീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇനിയെങ്കിലും ആരോപണം പിൻവലിച്ചു നിരുപാധികം മാപ്പ് പറയണം.
ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് സ്വപ്നയുടെ മൊഴിയിൽ നിന്ന് വ്യക്തമായി. മുഖ്യപ്രതിയുടെ മൊഴിയിലുള്ള മൂന്നു മന്ത്രിമാർ ആരൊക്കെയാണെന്ന് പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. മാന്യതയുണ്ടെങ്കിൽ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.