പ്രഹ്ലാദ് ജോഷിയും മുരളീധരനും കൊച്ചിയിൽ

Sunday 07 March 2021 12:35 AM IST

കൊച്ചി: ബി.ജെ.പിയുടെ കേരള തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും കേന്ദ്ര വിദേശകാര്യ - പാർലിമെന്ററികാര്യ സഹമന്ത്രി വി.മുരളീധരനും കൊച്ചിയിൽ അടിയന്തിര സന്ദർശനത്തിനെത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് സന്ദർശനമെന്നറിയുന്നു.

സംഘടനക്ക് പുറത്തുള്ള പുതിയതായി പാർട്ടിയെ പിന്തുണക്കാൻ തയ്യാറായ ചിലരുമായും ചർച്ച നടത്തിയതായി സൂചനയുണ്ട്. സംഘപരിവാറിലെ ഒരു ഉന്നതനെയും ഇരുവരും കണ്ടതായി അറിയുന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും പ്രത്യേക ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ ഹെലിപാഡിലിറങ്ങിയ കേന്ദ്രമന്ത്രിമാർ വൈകുന്നേരം അഞ്ച് മണിയോടെ തിരിച്ച് പോയി.

വിജയ യാത്രയുടെ സമാപന സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ ആഭ്യന്തരമന്ത്രി​ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ഇന്ന് പാർട്ടി കോർ കമ്മിറ്റി, എൻ.ഡി.എ യോഗങ്ങൾ നടക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലും മണ്ഡലമാറ്റം സംബന്ധിച്ചും അന്തിമ തീരുമാനം ഈ യോഗത്തിൽ കൈക്കൊള്ളും.