15 പിടികിട്ടാപ്പുളളികളെ അറസ്റ്റുചെയ്തു

Monday 08 March 2021 7:14 AM IST

വർക്കല: നിരവധി മോഷണകേസുകളിലെയും വധശ്രമ കേസിലെയും പ്രതികളും വാറണ്ട് കേസിലെ പ്രതികളും ഉൾപ്പെടെ പതിനഞ്ചോളം പിടികിട്ടാപ്പുളളികളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോവൂരിൽ വീട് കുത്തിപ്പൊളിച്ച് ഏഴ് പവൻ മോഷ്ടിച്ച ശേഷം ഒളിവിൽക്കഴിഞ്ഞുവരികയായിരുന്ന കോവൂർ പുത്തൻവിളവീട്ടിൽ ജി. ബിനു (44), കോവൂർ എ.എം.എൽ.പി.എസിനു സമീപം ചരുവിളവീട്ടിൽ വി. ബിനു (31) എന്നിവരെയും വേങ്കോട്ട് സംഘം ചേർന്ന് പവിൻ എന്നയാളെ മർദ്ദിച്ചകേസിലെ പ്രതികളായ വേങ്കോട് പുത്തൻവീട്ടിൽ സുനിൽ (20), നാവായിക്കുളം ആലുക്കുന്ന് വാഴവിളവീട്ടിൽ രാഹുൽ (20), നാവായിക്കുളം പയ്യൻമുക്ക് സുമിഭവനിൽ ശരത്ത് രാജ് എന്നിവരെയും വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന വാറണ്ട് കേസിലെ പ്രതികളുമുൾപ്പെടെയാണ് 15പേരെ വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐ രാജേഷ്.പി, എസ്.സി.പി.ഒ ജയ് മുരുകൻ, പൊലീസുകാരായ സജീവ്, തുളസി, ഹിമാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡുചെയ്തു.