'സ്വർണക്കടത്തിലെ ദുരൂഹ മരണത്തെ കുറിച്ച് എനിക്കറിയില്ല'; അമിത് ഷാ വിശദീകരിക്കുമെന്ന് കെ സുരേന്ദ്രൻ

Monday 08 March 2021 2:41 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ദുരൂഹ മരണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും അമിത് ഷായുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

'ആദ്യം പിണറായി വിജയൻ ചോദ്യങ്ങൾക്കുളള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തും' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ഇന്നലെ നടന്ന വിജയയാത്ര സമാപന വേദിയിൽ വച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമർശം നടത്തിയത്. ഡോളർ- സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംശയാസ്‌പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ എന്നായിരുന്നു ഷായുടെ ചോദ്യം.