അമിത് ഷാ നീതിബോധം പഠിപ്പിക്കേണ്ട: പിണറായി
പിണറായി (കണ്ണൂർ): നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്നും മുസ്ലിം എന്ന വാക്കുച്ചരിക്കേണ്ടി വരുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയതയുടെ ആൾരൂപമാണ് ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കണ്ണൂർ പിണറായിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. വർഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കൽപ്പിച്ചാൽ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടൽ കാണിക്കുന്നത്. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വർഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആർ.എസ്.എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ട്. അങ്ങനെയുള്ള പാർട്ടിയുടെ വലിയ നേതാവാണ് ഇവിടെ വന്ന് ഉറഞ്ഞുതുള്ളിയത്. എന്നോട് ചില ചോദ്യവും ചോദിച്ചു. ഞാനേതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായിട്ട് ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല എന്നാണ് ഇതിന് മറുപടി പറയാനുള്ളത്. ഏതോ ഒരു സംശയാസ്പദമായ മരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. ഏതാണെന്ന് പറയട്ടെ, എന്താണെന്ന് അന്വേഷിക്കാൻ തയ്യാറാകും. പുകമറ സൃഷ്ടിക്കരുത്. എങ്ങനെ വർഗീയത വളർത്താമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി എന്തും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഷാ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത് വംശഹത്യ നടന്നപ്പോൾ പത്രപ്രവർത്തകനായ രാജീവ് ഷാ, അമിത് ഷായിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് എഴുതിയിരുന്നു. കലാപത്തെക്കുറിച്ച് എന്തിനാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് രാജീവ് ഷാ പറയുന്നു. ഹിന്ദു- മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോൾ താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലിമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്. ഒരു പൊതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേൽ നിങ്ങൾ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്നും പറഞ്ഞു.
പിണറായിക്ക് ആവേശം നിറഞ്ഞ വരവേല്പ്
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണങ്ങൾക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേതാക്കളും പ്രവർത്തകരും ഉജ്ജ്വല വരവേൽപ്പ് നൽകി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു ബാൻഡ് വാദ്യത്തിന്റെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ജന്മനാടായ പിണറായിയിലേക്ക് ആനയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എൽ.ഡി.എഫിന്റെ പ്രചാരണ തുടക്കം കൂടിയായി മുഖ്യമന്ത്രിയുടെ സ്വീകരണപരിപാടി. 10 മുതൽ 16 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. 11ന് വൈകിട്ട് നാലിന് ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷനിലും മുഖ്യമന്ത്രി പങ്കെടുക്കും. ഒരു ദിവസം ഏഴ് പരിപാടികളുണ്ടാകും. മൂന്ന് ബൂത്തുകൾക്ക് ഒരു പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.