സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും, കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്‍റെ മകന് സീറ്റ് നൽകിയതിനെതിരെ പ്രതിഷേധം

Sunday 14 March 2021 8:56 AM IST

കൊച്ചി: കളമശ്ശേരിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിനെതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്ത്. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ലീഗ് ജില്ലാ നേതൃത്വം ആവര്‍ത്തിച്ചു. ഇക്കാര്യത്തിൽ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.

പാലാരിവട്ടം പാലം അഴിമതി പ്രചാരണ രംഗത്ത് സജീവമാകും എന്നതിനാൽ ഇബ്രാഹിം കുഞ്ഞിനെയോ മകനെയോ സ്ഥാനാർത്ഥിയാക്കരുതെന്നും, അങ്ങനെ ചെയ്താൽ മറ്റ് മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതയെ വരെ ബാധിക്കുമെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.ഇത് അവഗണിച്ചാണ് വി ഇ അബ്ദുല്‍ ഗഫൂറിനെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്.

ഗഫൂറിനെ അംഗീകരിക്കില്ലെന്നും മക്കൾ രാഷ്ട്രീയം ലീഗിൽ അനുവദിക്കാനാവില്ലെന്നുമാണ് നേതാക്കളുടെ നിലപാട്.എന്നാൽ പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമാണെന്നും, എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നുമാണ് അബ്ദുല്‍ ഗഫൂറിന്റെ പ്രതികരണം.