തുണി അലക്കി, പാത്രം കഴുകി, ഇനിയെനിക്ക് വോട്ടു ചെയ്യണേ വീട്ടുജോലി ചെയ്തുകൊടുത്ത് വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി

Thursday 25 March 2021 1:25 AM IST

ചെന്നൈ: ഉടയാത്ത തൂവെള്ളക്കുപ്പായമണിഞ്ഞ് സ്ഥാനാർത്ഥി വോട്ടു ചോദിച്ചെത്തിയപ്പോൾ കണ്ടത് കഷ്ടപ്പെട്ട് തുണി അലക്കുന്ന വീട്ടമ്മയെ. അനുകമ്പ തോന്നിയ സ്ഥാനാർത്ഥി മറ്റൊന്നും നോക്കിയില്ല. വീട്ടമ്മയെ പിടിച്ചു മാറ്റി, കല്ലിൽ കുത്തിയിരുന്ന് സ്ഥാനാർത്ഥി തുണി അലക്കാൻ തുടങ്ങി. നനച്ചുവച്ചിരുന്നതെല്ലാം നന്നായി സോപ്പിട്ട് അലക്കി കഴിഞ്ഞപ്പോൾ, അതാ ഒരു കൂന പാത്രം കഴുകാനിട്ടിരിക്കുന്നു. സോപ്പും ചകിരിയും അമർത്തിപ്പിടിച്ച് അതെല്ലാം കഴുകി വച്ചു. അണികൾ എല്ലാവരും കൈയടിച്ചു.

ജോലി കഴിഞ്ഞ് എഴുന്നേറ്റ് നടുവിന് കൈ കൊടുത്ത് സ്ഥാനാർത്ഥി പറഞ്ഞു.

'ഞാൻ ജയിച്ചാൽ എല്ലാ വീട്ടമ്മമാർക്കും വാഷിംഗ്‌മെഷീൻ നൽകും.'

വീട്ടമ്മയുടെ മുഖത്ത് സന്തോഷച്ചിരി.

തമിഴ്നാട്ടിലെ നാഗപട്ടണം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി തങ്ക കതിരവനാണ് വീട്ടുജോലി ചെയ്തുകൊടുത്ത് വോട്ടഭ്യർത്ഥിച്ചത്.

വണ്ടിപ്പേട്ടയിൽ ഓരോ വീട്ടിലും കയറി വോട്ട് തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ തുണി അലക്കുന്നത് മത്സരാർത്ഥിയുടെ ശ്രദ്ധിയിൽപ്പെട്ടത്. ഉടൻ അടുത്തുപോയി വസ്ത്രങ്ങൾ താൻ അലക്കാമെന്ന് പറയുകയായിരുന്നു. ഇതുകേട്ട് അന്തംവിട്ട സ്ത്രീ അദ്ദേഹത്തെ വിലക്കി. എങ്കിലും സ്ഥാനാർത്ഥിയുടെ സ്‌നേഹപൂർവമായ നിർബന്ധത്തിനൊടുവിൽ വീട്ടമ്മ അദ്ദേഹത്തിന് അലക്കികൊണ്ടിരുന്ന വസ്ത്രങ്ങൾ നൽകി. നിലത്തിരുന്നു തുണികളെല്ലാം അലക്കി. കൂടാതെ അടുത്തുണ്ടായിരുന്ന കുറച്ച് പാത്രങ്ങളും കഴുകി. എല്ലാവരോടും തനിക്ക് തന്നെ ഉറപ്പായും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. വിജയിപ്പിച്ചാൽ എല്ലാവർക്കും വാഷിംഗ് മെഷീൻ നൽകുമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.