കലാശക്കൊട്ടിന് ഇനി 4 ദിവസം സിമ്പിളല്ല, ജയത്തിനായി ഫൈറ്റിലാണ് മുന്നണികൾ
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാൻ ഇനി നാലു ദിവസം മാത്രം ശേഷിക്കുമ്പോഴും ഒരു സ്ഥാനാർത്ഥിയ്ക്കും ഈസി വാക്കോവർ പറയാവുന്ന മണ്ഡലങ്ങൾ ജില്ലയിലില്ലാതായി. ആദ്യഘട്ടങ്ങളിൽ വൻ ജയം പ്രതീക്ഷിച്ചിരുന്ന പ്രമുഖ സ്ഥാനാർത്ഥികൾ പോലും പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ " ഈസിയല്ല കാര്യങ്ങൾ ടൈറ്റെന്ന് " പറഞ്ഞ് തുടങ്ങി. ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രവചനം അസാദ്ധ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പൂഞ്ഞാർ, ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് തീപാറും പോരാട്ടം. കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ്. പുതുപ്പള്ളി, വൈക്കം, ഏറ്റുമാനൂർ, മണ്ഡലങ്ങളിലും മുൻകാല ഭൂരിപക്ഷം സ്ഥാനാർത്ഥികൾ അവകാശപ്പെടുന്നില്ല.
കോൺഗ്രസും, സി.പിഎമ്മും നേർക്കുനേർ ഏറ്റുമുട്ടുന്നത് കോട്ടയം,പുതുപ്പള്ളി മണ്ഡലങ്ങളിലാണ്. ഏറ്റുമാനൂരിൽ സി.പി.എം - കേരളകോൺഗ്രസ് ജോസഫുമായാണ് മത്സരിക്കുന്നത്. കോൺഗ്രസ് സി.പി.ഐയുമായി വൈക്കത്ത് പോരാടുന്നു. കേരളകോൺഗ്രസ് ജോസ് ,ജോസഫ് വിഭാഗങ്ങൾ ചങ്ങനാശേരി, പൂഞ്ഞാർ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ജോസ് വിഭാഗം കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസുമായും, പാലായിൽ മാണിസി കാപ്പന്റെ എൻ.സി.കെയുമായും കൊമ്പു കോർക്കുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 ൽ 7 സീറ്റും യു.ഡി.എഫ് നേടിയിരുന്നു. വൈക്കം ഏറ്റുമാനൂർ സീറ്റുകൾ മാത്രമായിരുന്നു ഇടതിന് ലഭിച്ചത്. അന്ന് കേരള കോൺഗ്രസ് (എം) യു.ഡി.എഫിലായിരുന്നു. ജോസ് വിഭാഗം വിട്ടുപോയ ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണിത്. ജോസ് വിഭാഗത്തെ ഒപ്പം നിറുത്തിയുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി, കോട്ടയം അടക്കം എല്ലാ മണ്ഡലങ്ങളിലും മുൻതൂക്കം നേടിയതിന്റെ ആത്മ വിശ്വാസത്തിൽ ഭൂരിപക്ഷം നിയമസഭാ സീറ്റുകളും നേടുമെന്ന് ഇടത് നേതാക്കൾ അവകാശവാദം നടത്തുമ്പോൾ തദ്ദേശതിരഞ്ഞെടുപ്പല്ല നിയമസഭയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം.
ഇന്നും നാളെയും പ്രചാരണമൊഴിവാക്കും
പരസ്യ പ്രചാരണം ഞായറാഴ്ച വരെയാണെങ്കിലും പെസഹ, ദു;ഖവെള്ളി ദിവസങ്ങളിൽ പരസ്യ പ്രചാരണമില്ലാത്തതിനാൽ ഇനി രണ്ടു ദിവസമാണ് പ്രചാരണത്തിന് ലഭിക്കുക. അതിനുള്ളിൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തങ്ങളുടെ സ്വാധീനം എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. രാഹുൽഗാന്ധി, സീതാറാം യച്ചൂരി, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, സദാനന്ദ ഗൗഡ,വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.രാജ, ആനി രാജ തുടങ്ങിയ പ്രമുഖർ വിവിധ മണ്ഡലങ്ങൾ ഇളക്കി മറിച്ചുള്ള പ്രചാരണം നടത്തി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് ചങ്ങനാശേരിയിൽ എത്തുന്നുണ്ട്.