45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇന്നു മുതൽ

Thursday 01 April 2021 12:58 AM IST

ആലപ്പുഴ : 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇന്നു മുതൽ കൊവിഡ് വാക്സിനേഷൻ നടത്തും. സർക്കാർ ആശുപത്രികളിലും മെഗാ ക്യാമ്പുകളിലും വാക്സിൻ സൗജന്യമായി ലഭിക്കും. www.cowin.gov.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തോ, വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും തത്സമയ രജിസ്ട്രേഷനിലൂടെയൊ വാക്സിൻ സ്വീകരിക്കാം. രജിസ്ട്രേഷന് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ആവശ്യമാണ്. ജില്ലയിൽ ഇതുവരെ 243353 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 34732 ആരോഗ്യ പ്രവർത്തകരും 35304 പോളിംഗ് ഉദ്യോഗസ്ഥരും മുന്നണിപ്പോരാളികളായ ജീവനക്കാരുമുൾപ്പെടുന്നു. 60 വയസിന് മുകളിൽ പ്രായമുള്ള 163147 പേർ വാക്സിൻ സ്വീകരിച്ചു. 45 നും 59 നുമിടയിൽ പ്രായമുള്ള 10170 പേരും വാക്സിൻ എടുത്തു. 30762 പേർ രണ്ടാമത്തെ ഡോസും പൂർത്തിയാക്കി.കൊവിഷീൽഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണം. കോവാക്സിൻ സ്വീകരിച്ച വ്യക്തി ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണം.