വടക്കാഞ്ചേരിയെ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ് ഷോ
വടക്കാഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കരയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യം വടക്കാഞ്ചേരി നഗരത്തെ ജനസാഗരമാക്കി. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി കാത്തുനിന്ന പ്രവർത്തകർ പൂക്കൾ വാരി വിതറിയും ജയ് വിളിച്ചും പ്രിയങ്കയെ വരവേറ്റു.
കുന്നംകുളത്ത് നിന്നും റോഡ് മാർഗമെത്തിയ പ്രിയങ്കയെ കാഞ്ഞിരക്കോട് വച്ച് പ്രവർത്തകർ സ്വീകരിച്ചു. തുടർന്ന് നൂറുക്കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഓട്ടുപാറയിൽ നിന്നും സ്ഥാനാർത്ഥി അനിൽ അക്കരയ്ക്കൊപ്പം തുറന്ന വാഹനത്തിൽ പ്രിയങ്ക റോഡ് ഷോയിൽ പങ്കെടുത്തു. റോഡിന്റെ ഇരുവശങ്ങളിലുള്ള കെട്ടിടങ്ങൾക്ക് മുകളിലായി പ്രിയങ്കയെ ഒരു നോക്ക് കാണാൻ കാത്തുനിന്നവർക്ക് പുഞ്ചിരി സമ്മാനിച്ചും കൈ വീശിയും അവർ വാഹനത്തിലൂടെ നീങ്ങി.
ഗുരുദേവനെ പുകഴ്ത്തിയും കേന്ദ്രത്തെ കുറ്റപ്പെടുത്താതെയും പ്രസംഗം
ചാലക്കുടി: ശ്രീനാരായണ ഗുരുദേവനെ പുകഴ്ത്തി പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. ഇപ്പോൾ നടക്കുന്നതും വരാനിരിക്കുന്നതുമായ ലോകത്തെ എല്ലാ കാര്യങ്ങളും നൂറു വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണ ഗുരു പ്രവചിച്ചിരുന്നു. ഇത്തരം മഹാന്മാർ ജീവിച്ചിരുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടുതന്നെ സർവ്വമേഖലയും ലോകത്തിന് കേരളം മാതൃകയുമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി പറഞ്ഞു. ഇപ്പോഴും പല മേഖലകളിലും ഈ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം അങ്ങനെ നീളുന്നു. കേരളത്തിന്റെ പൊൻതൂവലുകൾ. ഇവയെല്ലാം എല്ലാ ജനങ്ങളുടെയും പ്രയത്ന ഫലമാണെന്നും ആർക്കും ഇതിന്റെ കുത്തക അവകാശപ്പെടാനാകില്ല. എന്നാൽ കേന്ദ്ര സർക്കാരിനേയും നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്താതെ ആയിരുന്നു അവരുടെ പ്രസംഗം. സംസ്ഥാന സർക്കാരിനെ നിരവധി വട്ടം വിമർശിച്ച പ്രിയങ്ക, ജി.എസ്.ടിയുടെ കാര്യത്തിൽ മാത്രമായിരുന്നു കേന്ദ്രത്തിനെതിരെ ഒരു വാചകം പറഞ്ഞത്.
കേരള സർക്കാർ വാഗ്ദാനങ്ങൾ പാഴാക്കി : പ്രിയങ്ക ഗാന്ധി
ചാലക്കുടി: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴാക്കിയ സർക്കാരാണ് അഞ്ച് വർഷം കേരളം ഭരിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇരുപത് ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്തവർ യുവജനങ്ങളെ വഞ്ചിച്ച്, സ്വന്തക്കാരെ പിൻവാതിലൂടെ നിയമിച്ചു. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം അടിച്ചമർത്തി. തൊഴിലും വ്യവസായങ്ങളും മുടന്തുന്ന അവസ്ഥ സൃഷ്ടിച്ചു. സർക്കാരിന്റെ ലക്ഷ്യ ബോധമില്ലാത്ത പ്രവർത്തനവും കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനവും ജി.എസ്.ടിയുമെല്ലാം ചേർന്നപ്പോൾ കേരളത്തിലെ സമ്പദ്വ്യവസ്ഥ നരകസമാനമായി. ഇതിൽ നിന്നെല്ലാമുള്ള മോചനമാണ് ഏപ്രിൽ ആറിന് നിങ്ങളുടെ കൈയിൽ കിട്ടുന്ന വജ്രായുധം. ഈ തിരഞ്ഞെടുപ്പ് ജനങ്ങൾക്ക് അരക്ഷിതാവസ്ഥയിൽ നിന്നുള്ള മോചനം കൂടിയാണ്. കോൺഗ്രസ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുന്നത് ന്യായ് പദ്ധതിയാണ്. എല്ലാ ദരിദ്ര കുടുംബങ്ങൾക്കും മാസം ആറായിരം രൂപ അക്കൗണ്ടിലെത്തും. ഇതിൽപ്പെടാത്ത കുടുംബങ്ങളിലെ 40 വയസ് കഴിഞ്ഞ വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ നൽകും. എല്ലാ ക്ഷേമ പെൻഷനുകളും മൂവായിരം രൂപയാക്കും. വീട്ടിലിരുന്ന് കുടുംബം നോക്കുന്ന അമ്മമാർക്ക് ഒരു രാഷ്ട്രീയ പാർട്ടി പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് ആദ്യമായിരിക്കും. ഇതു നടപ്പാക്കും. അഞ്ച് ലക്ഷം നിർദ്ധന കുടുംബങ്ങൾക്ക് വീടുനൽകലും അടുത്ത യു.ഡി.എഫ് സർക്കാരിന്റെ ദൗത്യമാണെന്നും പ്രിയങ്ക വ്യക്തമാക്കി. നഗരസഭ ചെയർമാൻ വി.ഒ പൈലപ്പൻ അദ്ധ്യക്ഷനായി. എം.പി ബെന്നി ബഹന്നാൻ, മുൻ എം.പി. കെ.പി ധനപാലൻ, പി.സി തോമസ്, സ്ഥാനാർത്ഥികളായ സനീഷ്കുമാർ ജോസഫ്, എം.പി ജാക്സൺ തുടങ്ങിയവർ പ്രസംഗിച്ചു.