ഒഴുകിപ്പരന്ന് പ്രിയങ്കാതരംഗം
തൃശൂർ: വീട്ടമ്മമാരും കുട്ടികളും അടക്കമുള്ള നൂറ് കണക്കിനാളുകളെ കൈവീശിക്കാട്ടിയും പുഞ്ചിരിച്ചും റോഡ് ഷോയിലൂടെ ജനങ്ങളുടെ മനം കവർന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രചാരണവേഗം പതിന്മടങ്ങാക്കി. തൃശൂരിലെ പ്രധാനനഗരങ്ങളിലും ദേശീയസംസ്ഥാന പാതകളിലും ആ സാന്നിദ്ധ്യം എല്ലാവരും തിരിച്ചറിഞ്ഞപ്പോൾ പ്രിയങ്കാതരംഗം അലയടിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ചാലക്കുടിയിലെത്തിയ പ്രിയങ്ക, ആദ്യപൊതുയോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചതിനൊപ്പം വീട്ടമ്മമാരുടെ വേദനകളും പങ്കിട്ടു.
വീട്ടിലിരുന്ന് കുടുംബം നോക്കുന്ന അമ്മമാർക്ക് തങ്ങൾ പ്രതിഫലം വാഗ്ദാനം ചെയ്യുകയാണെന്നും താനും ഒരു വീട്ടമ്മയാണെന്നും പ്രിയങ്ക പറഞ്ഞു. പ്രസംഗം കഴിഞ്ഞ് തിരിച്ചത് ഇരിങ്ങാലക്കുടയിലേക്കായിരുന്നു. ഇരിങ്ങാലക്കുടയിൽ കാത്തുനിന്നവർക്ക് നേരെ കൈകൾ വീശി അഭിവാദനം. അവിടെ നിന്ന് നേരെ മൂന്നുപീടികയിലേയ്ക്ക്. മുകൾഭാഗം തുറന്ന കാറിൽ സ്ഥാനാർത്ഥിയോടൊപ്പം പത്തുമിനിറ്റ് യാത്ര. പിന്നീട് തൃപ്രയാറിലും ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു. ചാവക്കാട് പൊതുയോഗത്തിനെത്തുമ്പോഴേയ്ക്കും സമയം വൈകിയെങ്കിലും നൂറുകണക്കിന് അണികളും അനുഭാവികളും ക്ഷമയോടെ കാത്തുനിന്നിരുന്നു.
ചാവക്കാട് നിന്ന് മമ്മിയൂർ ലിറ്റിൽഫ്ളവർ സ്കൂളിന് മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്കു നേരെ കൈവീശിക്കാട്ടിയും പുഞ്ചിരിച്ചും അഭിവാദ്യം ചെയ്തു. അവിടെ നിന്ന് കുന്നംകുളത്തെത്തിയപ്പോൾ ജനങ്ങളുടെ ആവേശം ഇരട്ടിച്ചു. റോഡ് ഷോ വെറും പത്തുമിനിറ്റ് മാത്രമായിരുന്നെങ്കിലും ജനങ്ങൾ ആർത്തിരമ്പി. കുന്നംകുളം പുതിയ പൊലീസ് സ്റ്റേഷൻ മുതൽ വടക്കാഞ്ചേരി റോഡ് വരെ അരക്കിലോമീറ്റർ ദൂരം വഴിയോരത്ത് ജനങ്ങൾ പ്രിയങ്കയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാറിന്റെ മുകൾഭാഗം തുറന്ന് സ്ഥാനാർത്ഥിയോടൊപ്പം നിലകൊണ്ടപ്പോൾ കാണികൾ ഹർഷാരവം മുഴക്കി. കുന്നംകുളത്ത് നിന്ന് നേരെ വടക്കാഞ്ചേരി ഓട്ടുപാറയിലേക്ക്.
അവിടെ കുറച്ചുദൂരം റോഡ് ഷോ നടത്തിയ ശേഷമായിരുന്നു തേക്കിൻകാട് മൈതാനത്തെ പൊതുയോഗത്തിലെത്തിയത്. തൃശൂരിൽ നിന്ന് കൊച്ചി എയർപോർട്ടിലേക്ക് ഹെലികോപ്ടറിലായിരുന്നു യാത്ര. ഏഴോടെ ഡൽഹിയിലേക്ക്. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയത്.
ശക്തന്റെ തട്ടകത്ത് ആവേശം തീർത്ത് പ്രിയങ്ക
തൃശൂർ : ശക്തന്റെ തട്ടകത്ത് ആവേശത്തിന്റെ അലകൾ തീർത്ത് പ്രിയങ്കാ ഗാന്ധി. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വോട്ടഭ്യർത്ഥിക്കാനെത്തിയ പ്രിയങ്കയുടെ വരവ് യു.ഡി.എഫ് പ്രവർത്തകരിൽ ആവേശം തീർത്തു. പ്രിയങ്കാ ഗാന്ധിയുടെ വാഹനം നഗരത്തിലേക്ക് പ്രവേശിച്ചതോടെ പൂരം കുടമാറ്റത്തിന് ഉയരുന്ന കണക്കെയുള്ള ആരവവുമായി പ്രവർത്തകർ വരവേറ്റു. നഗരം ചുറ്റി തെക്കേ ഗോപുര നടയിലെ വേദിയിലേക്ക് പ്രിയങ്ക കാലെടുത്ത് വച്ചതോടെ പ്രവർത്തകർ മൈതാനത്ത് നിറഞ്ഞ് നിന്ന പ്രവർത്തകർ കൈവീശി അഭിവാദ്യം ചെയ്തു. ടി.എൻ പ്രതാപൻ എം.പി. സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥികളായ സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, പത്മജ വേണുഗോപാൽ, വിജയ് ഹരി, സുനിൽ ലാലൂർ, അനിൽ അക്കര, സി.സി ശ്രീകുമാർ, കെ. ജയശങ്കർ , യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, ഒ. അബ്ദുറഹിമാൻ കുട്ടി, ജോസഫ് ചാലിശേരി, സി.എസ് ശ്രീനിവാസൻ, രാജൻ പല്ലൻ, ഐ.പി പോൾ, എ. പ്രസാദ്, ജോസഫ് ടാജറ്റ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ആവേശമായി പ്രിയങ്കാഗാന്ധി
തൃപ്രയാർ: എ.ഐ.സി.സി ജന സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോ ആവേശമായി. നാട്ടിക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണാർത്ഥം എടമുട്ടം പാലപ്പെട്ടി വളവിൽ നിന്നുമാണ് റോഡ്ഷോ ആരംഭിച്ചത്. ദേശീയ പാതയിലൂടെ നീങ്ങിയ റോഡ്ഷോക്ക് വിവിധയിടങ്ങളിൽ അഭിവാദ്യമർപ്പിക്കാൻ വൻജനാവലി കാത്തുനിന്നു. തൃപ്രയാർ ജംഗ്ഷനിൽ തിങ്ങിനിറഞ്ഞ പാർട്ടി പ്രവർത്തകരെ പ്രിയങ്ക കൈവീശി അഭിവാദ്യം ചെയ്തു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് ശിങ്കാരിമേളം, കാവടിയാട്ടം എന്നിവയോടെയാണ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തകരോട് പ്രിയങ്ക സംസാരിക്കുമെന്നറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വാടാനപ്പിള്ളിയിൽ വനിതകളുൾപ്പെടെ നൂറുകണക്കിന് പേരാണ് പ്രിയങ്കയെ അഭിവാദ്യം ചെയ്യാൻ കാത്തുനിന്നിരുന്നത്.