ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ കയ്യേറ്റശ്രമം: രണ്ട് പേർ കസ്റ്റഡിയിൽ, പിടിയിലായത് വി എച്ച് പി, ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകർ
ലക്‌നൗ: ഝാൻസിയിൽ ട്രെയിനിൽ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്കുനേരെയുള്ള കയ്യേറ്റശ്രമവുമായി ബന്ധപ്പെട്ട് രണ്ട്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൽചൽ അർജരിയ, പർഗേഷ് അമരിയ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. അർജരിയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാൾ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച്, ഗോ രക്ഷ സമിതി എന്നിവയുടെ പ്രവർത്തകനാണെന്ന് ചേർത്തിട്ടുണ്ട്. പർഗേഷും വി എച്ച് പി പ്രവർത്തകനാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരായ നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പാെലീസ് പറയുന്നത്.
കഴിഞ്ഞമാസം 19നായിരുന്നു കന്യാസ്ത്രീകൾക്കുനേരെ കയ്യേറ്റശ്രമമുണ്ടായത്. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. ഒപ്പമുള്ള പെൺകുട്ടികളെ മതംമാറ്റാൻ കൊണ്ടുപോകുന്നു എന്നാരോപിച്ചായിരുന്നു ആക്രമണത്തിന് തുനിഞ്ഞത്. ട്രെയിനിൽ നിന്ന് ഇവരെ ബലംപ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വാർത്താ പ്രാധാന്യം നേടിയതും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അക്രമം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നു.