തായ്‌വാനിൽ തുരങ്കത്തിൽ ട്രെയിൻ അപകടം; 36 പേർ മരിച്ചു,നിരവധി പേർ കുടുങ്ങിയതായി വിവരം

Friday 02 April 2021 1:06 PM IST

തായ്‌പേയ്: തായ്‌വാനിൽ ട്രെയിൻ പാളംതെ‌റ്റിയുണ്ടായ അപകടത്തിൽ 36 മരണം. നിരവധി പേർക്ക് പരിക്കേ‌റ്റതായാണ് വിവരം. കിഴക്കൻ തായ്‌വാനിലെ കിഴക്കൻ റെയിൽവെ ലെയിനിലെ തുരങ്കത്തിനുള‌ളിലാണ് അപകടമുണ്ടായത്. രാവിലെ 9.30ഓടെയായിരുന്നു അപകടമെന്ന് പ്രസിഡന്റ് സായ് ഇങ് വെനിന്റെ ഓഫീസ് അറിയിച്ചു.

അപകടത്തിൽപെട്ട 61 പേരെ രക്ഷിച്ചതായും ഇനിയും 72 പേരോളം കുടുങ്ങിയിരിക്കുന്നതായുമാണ് വിവരം. തായ്‌പേയിൽ നിന്നും ‌തായ്‌തുങ് നഗരത്തിലേക്ക് പോയ ട്രെയിനാണ് തുരങ്കത്തിനുള‌ളിൽവച്ച് പാളം തെ‌റ്റിയത്. സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നുവെന്ന് സുരക്ഷാ പ്രവർത്തകർ അറിയിച്ചു.

ട്രെയിനിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഏകദേശം 350ഓളം പേരാണ് ഉണ്ടായിരുന്നതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

ആദ്യ നാല് കോച്ചുകളിലെ യാത്രക്കാരെ രക്ഷിച്ചു. എന്നാൽ അഞ്ച് മുതൽ എട്ട് വരെയുള‌ള കോച്ചുകൾ പൂർണമായും തകർന്ന് കുടുങ്ങിയിരിക്കയാണെന്നും ഇവിടേക്ക് കടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ നാല് ‌പതി‌റ്റാണ്ടിനിടെ തായ്‌വാനിൽ നടക്കുന്ന ഏ‌റ്റവും വലിയ ട്രെയിൻ അപകടമാണ് ഇന്നത്തേത്. 2018ൽ വടക്കുകിഴക്കൻ തായ്‌വാനിൽ 18 പേരുടെ മരണത്തിനിടയാക്കിയ അപകടമാണ് ഏ‌റ്റവും അവസാനത്തേത്.