കാശ്മീ‌ർ പ്രശ്നം തീർപ്പാകാതെ ഇന്ത്യയുമായി വ്യാപാര ബന്ധത്തിനില്ലെന്ന് പാകിസ്ഥാൻ

Sunday 04 April 2021 2:34 AM IST

ഇസ്ലാമാബാദ്​: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ തീരുമാനം പുനഃപരിശോധിക്കുന്നത്​ വരെ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധവും പുലർത്താൻ പാകിസ്ഥാന് കഴിയില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ഇമ്രാന്റെ പ്രത്യേക അനുയായിയായ മൊയീദ് യൂസഫും പ​ങ്കെടുത്ത യോഗത്തിലാണ്​ ഇമ്രാൻ ഇക്കാര്യം അറിയിച്ചത്​.

വില നിയന്ത്രിക്കാനും ക്ഷാമം നേരിടാനും ഇന്ത്യയിൽ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന​ പാക് മന്ത്രിസഭയുടെ ഔദ്യോഗിക നിർദ്ദേശം ഇമ്രാൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കാശ്മീർ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി വ്യാപാരം പുനരാരംഭിക്കരുതെന്നാണ് തങ്ങളുടെ തത്ത്വപരമായ നിലപാടെന്നും വ്യാപാരം പുനരാരംഭിക്കുന്ന ഏത് തീരുമാനവും പാകിസ്ഥാൻ കാശ്മീർ ജനതയെ അവഗണിച്ചെന്ന തെറ്റായ ധാരണ നൽകുമെന്നും ഖാൻ യോഗത്തിൽ പറഞ്ഞെന്നാണ് റിപ്പോർട്ട്​.