ഗൾഫ് മേഖലയിൽ സൈനിക സംവിധാനങ്ങൾ കുറച്ച് അമേരിക്ക

Sunday 04 April 2021 12:00 AM IST

വാഷിംഗ്​ടൺ:ഇറാൻ, സൗദി അറേബ്യ ഉൾപ്പെടുന്ന പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്, മറ്റ് സൈനിക ഉപകരണങ്ങൾ, സേനകൾ എന്നിവ പിൻവലിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇവിടെ നിന്ന് പിൻവലിക്കുന്ന ആയുധങ്ങളും സൈനിക ശേഷിയും റഷ്യയെയും ചൈനയെയും പ്രതിരോധിക്കാൻ മറ്റെവിടെയെങ്കിലും വിന്യസിക്കാനാണ് പെന്റഗണിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ വിന്യസിച്ചിരിക്കുന്ന മൂന്ന് പാട്രിയറ്റ് സംവിധാനങ്ങളെ പെന്റഗൺ ഇവിടെ നിന്ന് മാറ്റി. ഒരു വിമാനവാഹിനി കപ്പൽ, നിരീക്ഷണ സംവിധാനങ്ങൾ, മറ്റ് സൈനിക സംവിധാനങ്ങൾ എന്നിവ മിഡിൽ ഈസ്റ്റിൽ നിന്ന് നീക്കിയിട്ടുണ്ടെന്നാണ് വിവരം.

സൗദിക്കു നേരെ ഹൂതികളുടെ ആക്രമണം ശക്തമായ സമയത്താണ് പാട്രിയറ്റ് പിൻവലിക്കുന്നത്. ഇതോടെ സ്വന്തം പ്രദേശങ്ങൾ സംരക്ഷിക്കാൻ സൗദി അറേബ്യ കൂടുതൽ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കേണ്ടിവരും.