ബൈഡന്റെ ക്ഷണം സ്വീകരിച്ചു: മോദി ഉച്ചകോടിയിൽ പങ്കെടുക്കും

Sunday 04 April 2021 12:00 AM IST

വാഷിംഗ്​ടൺ: നേതൃതല കാലാവസ്ഥ ഉച്ചകോടിയിലും മുൻനിര സാമ്പത്തിക ശക്​തികളുടെ ഊർജ, കാലാവസ്ഥ ഫോറത്തിലും പ​ങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22, 23 തീയതികളിൽ ഓൺലൈനായാണ് ഉച്ചകോടി നടക്കുന്നത്. യു.എസ്​ മുഖ്യസംഘാടകരായ ആഗോള സംഗമത്തിൽ 40 ലോക നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളാണ്​ ദ്വിദിന ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക. 2030ഓടെ കാർബൺ വിഗിരണത്തിന്റെ തോത്​ ഗണ്യമായി കുറക്കുന്നതും ചർച്ചയാകും. ആഗോള പ്രതിശീർഷ മൊത്ത ഉൽപാദനത്തിലും കാർബൺ വിഗിരണത്തിലും 80 ശതമാനം പങ്കാളിത്തമുള്ള 17 മുൻനിര രാജ്യങ്ങൾ പ​ങ്കെടുക്കുന്നുവെന്നതാണ്​ പ്രധാന സവിശേഷത. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി ലോദെ ഷെരിംഗ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.

 പാകിസ്ഥാന് ക്ഷണമില്ല: അപലപിച്ച് ഇമ്രാൻ ഖാൻ

അതേസമയം, പാകിസ്ഥാനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാത്തതിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നീരസം പ്രകടിപ്പിച്ചു. പാകിസ്ഥാനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാത്തത് അപസ്വരമായി അനുഭവപ്പെടുന്നു. പ്രകൃതിയെയും കാലാവസ്ഥയേയും പൂർണമായും സംരക്ഷിക്കുന്ന തരത്തിലുള്ള നയങ്ങളാണ് പാകിസ്ഥാൻ എല്ലായ്പ്പോഴും സ്വീകരിക്കുന്നത് - ഇമ്രാൻ പറഞ്ഞു.