മത്സരച്ചൂടിലാണ് മയ്യഴിയും

Sunday 04 April 2021 12:01 AM IST
എൻ.ഹരിദാസ് ഗൃഹസന്ദർശനത്തിൽ

മാഹി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിൽപെട്ട മയ്യഴിതീരവും തിരഞ്ഞെടുപ്പ് ചൂടിലാണ്. മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി പരമാവധി വോട്ടുകൾ സമാഹരിക്കുന്ന തിരക്കിലാണ്. റോഡ് ഷോകളും, ഗൃഹസന്ദർശന പരിപാടികളും തെരുവു യോഗങ്ങളുമായി അവർ ഓടിനടക്കുന്നുണ്ടെങ്കിലും നഗരം കണ്ടാൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഇടമാണെന്ന് ആരും പറയില്ല. ചുമരെഴുത്തുകളൊ, ബോർഡോ, ബാനറുകളോ, പോസ്റ്ററുകളോ എവിടേയും കാണാനില്ല. എന്നാൽ ഉച്ചഭാഷിണിയിലൂടെയുള്ള അനൗൺസ്മെന്റ് നടക്കുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പറമ്പത്ത് മഞ്ചക്കൽ, ചാലക്കര ആയുർവേദ മെഡിക്കൽ കോളേജ്, മാഹി ദന്തൽ കോളേജ്, ചാലക്കര മുക്കുവൻ പറമ്പ് കോളനി പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ വോട്ടർമാരെ കാണുകയാണ്. രണ്ടു തവണ മാഹി ഗവ: കോളജ് യൂണിയന്റെ ചെയർമാനായിരുന്ന രമേശിനെ പഴയ ചങ്ങാതിമാരിൽ ചിലരും അനുഗമിക്കുന്നുണ്ട്. ഇടയ്ക്ക് നിലച്ച മയ്യഴിയുടെ വികസനത്തിന് തുടർച്ച വേണം, സൗജന്യ അരി വിതരണം വൈകാതെ പുനഃസ്ഥാപിക്കണം, അടിയന്തരമായി തൊഴിൽമേഖലയിലും ടൂറിസത്തിലും പുത്തൻ സംരംഭങ്ങൾ കൊണ്ടുവരണം-രമേശ് വോട്ടർമാർക്ക് മുന്നിൽവയ്ക്കുന്ന വാഗ്ദാനങ്ങളിങ്ങനെ.

അഞ്ചുവർഷം കൊണ്ട് മാഹി പത്ത് വർഷം പിറകോട്ടാണ് പോയത്. ചോദിച്ച്, പിടിച്ചുവാങ്ങാൻ ആളില്ലാതെ പോയി. ആ കൈത്തെറ്റ് ഇനി മയ്യഴിക്കാർക്ക് ഉണ്ടായിക്കൂട- കോൺഗ്രസ് സ്ഥാനാർത്ഥി പറയുന്നതിങ്ങനെ.

വൈകുന്നേരം നടന്ന റോ‌ഡ്ഷോയ്ക്ക് മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, അഹമ്മദ് ബഷീർ,ഐ. അരവിന്ദൻ, അഡ്വ. എം.ഡി. തോമസ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.പി. രെജിലേഷ് ,കെ.സുരേഷ്, ഇ.കെ. മുഹമ്മദ് അലി, അൻസിൽ അരവിന്ദ്, ആശാലത, അലി അക്ബർ ഹാഷിം, നളിനി ചാത്തു, പി.ടി.സി.ശോഭ തുടങ്ങിയവർ നേതൃത്വം നൽകി.

ആവർത്തനമുറപ്പിച്ച് എൻ. ഹരിദാസ്

തോളിൽ സദാ തൂങ്ങിക്കിടക്കുന്ന തുണി സഞ്ചി, ഖദർ വസ്ത്രം, വെളുത്ത താടിയും മുടിയും .... പുഞ്ചിരി മായാത്ത മുഖവുമായി ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി എൻ.ഹരിദാസ് ആത്മവിശ്വാസത്തോടെയാണ് പ്രവർത്തകർക്കൊപ്പം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നത്. ഹ്രസ്വമായ പ്രസംഗത്തിൽ മയ്യഴിയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം, റേഷൻ ശൃംഖല പുനഃസ്ഥാപിക്കണം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ പരിപോഷിപ്പിക്കണം, സ്പിന്നിംഗ് മിൽ തുറക്കണം... തുടങ്ങിയ ആവശ്യങ്ങൾ നിരക്കുന്നു. മാഹി വളവിൽ കടപ്പുറത്തുനിന്നാരംഭിച്ച് 27 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം മൂലക്കടവിലാണ് പര്യടനം സമാപിച്ചത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച അഡ്വ. എൻ.കെ. സജ്‌നയെയും മുസ്ലിംലീഗ് വിട്ട കെ പി സുബൈറിനെയും ഹാരമണിയിച്ച് സ്വീകരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സി.പി ഹരീന്ദ്രൻ, ഹാരീസ് പരന്തിരാട്ട്, ടി.കെ ഗംഗാധരൻ, വിനയൻ പുത്തലം, അഭിഷേക്, പി.പി വിജേഷ്, റിജേഷ്‌ രാജൻ എന്നിവർ സംസാരിച്ചു.

മാറ്റത്തിൽ പ്രതീക്ഷ വച്ച് വി.പി.എ.റഹ്മാൻ

കോൺഗ്രസും സി.പി.എമ്മുമാണ് മയ്യഴിയുടെ വികസന മുരടിപ്പിന് കാരണക്കാരെന്നാണ് എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ. വി.പി.എ. റഹ്മാന്റെ അഭിപ്രായം. വളവിൽപ്രദേശം തൊട്ട് പൂഴിത്തല വരെയുള്ള കടലോരം സന്ദർശിക്കുമ്പോൾ മത്സ്യത്തൊഴിലാളികളോട് അദ്ദേഹം ഇത് പങ്കുവെക്കുന്നു. അനാഥമായ ഹാർബറിന്റെ പണി പൂർത്തീകരിക്കേണ്ടേ? കുടിവെള്ള പ്രശ്‌നം പരിഹരിക്കേണ്ടേ? റേഷനരി ലഭ്യമാക്കേണ്ടേ? പുതിയ തൊഴിൽ സംരംഭങ്ങൾ വേണ്ടേ? പുതുച്ചേരിയിൽ ഇത്തവണ എൻ.ഡി.എ.അധികാരത്തിലേറുമെന്നതിൽ യാതൊരു സംശയവും വേണ്ട. തനിക്ക് ജനസമ്മതി നൽകിയാൽ അത് മയ്യഴിയുടെ സുവർണ്ണകാലമായി മാറുമെന്ന് വാക്കുതരുന്നു -എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വാഗ്ദാനം നീളുന്നു.

എ. സുനിൽ, കെ.പി. മനോജ്, പി. ഗിരീഷ്, ടി.വി. പ്രേമൻ, ടി.എ. പ്രദീപൻ, പി. ബലരാമൻ, സുമന്ത്രൻ, വി. സത്യൻ, ജിതേഷ്, പ്രജീഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.