ആവേശക്കടലിൽ മലയോരം

Sunday 04 April 2021 12:13 AM IST
രാഹുൽ ഗാന്ധി കണ്ണൂർ പേരാവൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിനൊപ്പം ഇരിട്ടിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

ഇരിട്ടി/ആലക്കോട്: തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മലയോര നഗരങ്ങളായ ഇരിട്ടിയിലും ആലക്കോട്ടുമെത്തിയത് പ്രവർത്തകരിലും മലയോര ജനതയിലും ആവേശമുയർത്തി. രാഹുലിനെ കാണുവാൻ മലയോര ജനത ഒഴുകിയെത്തുകതന്നെയായിരുന്നു.

ഇരിക്കൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സജീവ്‌ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മലയോര കുടിയേറ്റകേന്ദ്രമായ ആലക്കോട്ട് എത്തിച്ചേർന്ന കോൺഗ്രസ് മുൻദേശീയ അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ വരവേറ്റത് വൻ ജനസഞ്ചയം. അരങ്ങം ശ്രീമഹാദേവക്ഷേത്ര മൈതാനത്ത് പ്രത്യേകം തയാറാക്കിയ സ്റ്റേജിൽ വൈകുന്നേരം 4.20 ന് എത്തിച്ചേർന്ന രാഹുൽഗാന്ധി പ്രസംഗം ആരംഭിച്ചതു തന്നെ ഇടതുപക്ഷത്തെക്കുറിച്ച് എനിക്ക് സംസാരിച്ചു സമയം കളയാനില്ല എന്ന് പറഞ്ഞുകൊണ്ടാണ്.

മൂന്ന് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്‌ കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ നടക്കുന്നത്. ഐക്യത്തിന്റെയും സമാധാനത്തിന്റെയും മാർഗത്തിലൂടെ യു.ഡി.എഫ് മുന്നോട്ടുനീങ്ങുമ്പോൾ മറ്റ് രണ്ടു മുന്നണികളും രാജ്യത്ത് അക്രമവും വിഘടനവാദവും വളർത്തുകയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെയും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മറ്റു പാർട്ടികളുടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് ഇവരുടെ അക്രമത്തിൽ മരണമടഞ്ഞത്. നമ്മുടെ നാട്ടിലെ ദാരിദ്രവും തൊഴിലില്ലായ്മയും സാമ്പത്തിക പിന്നോക്കാവസ്ഥയും നിർമ്മാർജ്ജനം ചെയ്യുന്ന ന്യായ് പദ്ധതി യു.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ കേരളത്തിൽ നടപ്പിലാക്കുകയാണ്. നാടിന്റെ സമ്പദ്ഘടനയിൽ വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ ഉണ്ടാകുവാൻപോകുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ 55 ശതമാനംപേരും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. അവരിലൂടെ ഭാവികേരളത്തിന്റെ അടിത്തറ പണിയാൻ നിങ്ങൾ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പരിഭാഷകനായത്. തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ മണ്ഡലങ്ങളിലെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളും നേതാക്കളും വേദിയിൽ അണിനിരന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരിട്ടിയിൽ എത്തിയ രാഹുൽ ഗാന്ധിയെ ഒരു നോക്ക് കാണുവാൻ മലയോര ജനത ഒന്നാകെയെത്തിയതോടെ പട്ടണം ആവേശക്കടലായി മാറി. രാവിലെ മുതൽ തന്നെ രാഹുലിനെ വരവേൽക്കാൻ ഇരിട്ടി ഒരുങ്ങിയിരുന്നു. നേരത്തെ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി പട്ടണത്തിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചു വിളംബര ജാഥ നടന്നു. ഉച്ചയോടെ കേന്ദ്രസേന ഇരിട്ടി പട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഉച്ചയ്ക്ക് 2.45 ന് മഹാത്മ ഗാന്ധി കോളേജ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് നഗരത്തിൽ എത്തിച്ചു. റോഡിന്റെ ഇരുഭാഗങ്ങളിലും തിങ്ങിനിറഞ്ഞ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ളവരെ രാഹുൽ ഗാന്ധി അഭിവാദ്യം ചെയ്തു. ഇരിട്ടിയിലെ പരിപാടിക്കുശേഷമാണ് രാഹുൽഗാന്ധി ആലക്കോട്ടേക്ക് പോയത്.