കൊവിഡ് പ്രതിരോധകോട്ട തീർത്ത് ബൂത്തുകൾ ഒരുങ്ങി
കോട്ടയം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ബൂത്തുകളിലും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. പ്രവേശന കവാടത്തിന് സമീപം കൈ കഴുകുന്നതിനുള്ള സംവിധാനങ്ങളും സാനിറ്റൈസറും ഉണ്ടാകും. മാസ്‌കില്ലാതെ വോട്ടർമാർ എത്തിയാൽ മാസ്‌ക് നൽകുന്നതിനായി മാസ്ക് കോർണറുകൾ പ്രവർത്തിക്കും. എല്ലാവരെയും തെർമൽ സ്‌കാനിംഗിന് വിധേയരാക്കും. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഗ്ലൗസുകൾ നൽകിയാണ് വോട്ടർമാരെ ബൂത്തിലേക്ക് കടത്തിവിടുക.
ഒരു ബൂത്തിൽ പരമാവധി 1000 പേർ മാത്രം വോട്ടു ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. പുരുഷൻമാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർ, വയോധികർ എന്നിവർക്കുമായി മൂന്ന് ക്യൂ ഉണ്ടാകും. ക്യൂവിൽ ആളുകൾ ആറ് അടി അകലത്തിൽ നിൽക്കുന്നതിനായി പ്രത്യേകം മാർക്ക് ചെയ്യും. ഒരേ സമയം കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക കാത്തിരിപ്പ് സ്ഥലവുമുണ്ട്. വോട്ടു ചെയ്ത് പുറത്തിറങ്ങുന്നവർക്ക് ഉപയോഗിച്ച ഗ്ലൗസ് പുറത്തെ ബിന്നിൽ നിക്ഷേപിക്കാം. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പ്രത്യേക ബിന്നുകളുണ്ടാകും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി ഏജൻസിക്ക് കൈമാറും. വോട്ടെടുപ്പിന് മുന്നോടിയായി പോളിംഗ് ബൂത്തുകൾ അണുവിമുക്തമാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന് ആവശ്യമായ വോളണ്ടിയർമാരെയും ബൂത്തുകളിൽ നിയോഗിച്ചിട്ടുണ്ട്.
പോൾ മാനേജരും റെഡി
പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങുന്നതു മുതൽ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെയുള്ള നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലും ലഭ്യമാകുന്നത് പോൾ മാനേജർ ആപ്ലിക്കേഷൻ മുഖേനയാണ്. പോളിംഗ് പുരോഗതി ഓരോ മണിക്കൂർ ഇടവിട്ട് ഉദ്യോഗസ്ഥർ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. നിയോജക മണ്ഡലം തലത്തിലും ജില്ലാതലത്തിലും പോൾ മാനേജർ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. എൻകോർ എന്ന വെബ്‌സൈറ്റിലൂടെ പോളിംഗ് ശതമാനം മണിക്കൂർ ഇടവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കും.