കലാശം കൊട്ടിക്കയറാതെ പ്രചാരണം ഇന്നവസാനിക്കും

Sunday 04 April 2021 12:11 AM IST

കോട്ടയം : ഒരു മാസത്തിലേറെയായി നാടും നഗരവും ഇളക്കി മറിച്ച നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടില്ലാതെ ഇന്ന് അവസാനിക്കും. കൊവിഡിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കലാശക്കൊട്ടിന് ക്ലിപ്പ് ഇട്ടെങ്കിലും അനൗൺസ്മെന്റ് വാഹന റാലിയും,സ്ഥാനാർത്ഥികളും നേതാക്കളും അണിനിരന്ന റോഡ് ഷോയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെയും, പൊലീസിനെയും നോക്കുകുത്തിയാക്കി ഇന്നലെ മുന്നണികൾ സാമ്പിൾ വെടിക്കെട്ട് ജില്ലയിലുടനീളം നടത്തി.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ കോട്ടയത്ത് രണ്ടിടത്ത് റോഡ് ഷോ നടത്തി. എൻ.ഡി.എ പ്രവർത്തകരും നിരവധി വാഹനങ്ങളും അണിനിരന്ന റോഡ് ഷോ തടയാൻ ആരുമുണ്ടായില്ല. പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ഇന്നലെ പാലാ ടൗണിലെ കടകൾ കയറിയിറങ്ങിയതിനൊപ്പം നിരവധി പ്രവർത്തകരും അണിചേർന്നതോടെ ആൾക്കൂട്ട റാലിയായി മാറി.

മറ്റന്നാൾ ബൂത്തിലേക്ക്, 66 സ്ഥാനാർത്ഥികൾ

മറ്റന്നാൾ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് പോളിംഗ്. മൂന്നും നാലും തവണ വീടുകയറിയുള്ള പ്രചാരണത്തിന് ശേഷം മുന്നണികൾ സ്ലിപ്പ് വിതരണവും ആരംഭിച്ചു. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ലിപ്പ് നിർബന്ധമാണ്. 2887 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 3128 വിവിപാറ്റ് യന്ത്രങ്ങളുമാണ് ബൂത്തുകളിൽ ഉപയോഗിക്കുക.

1593575 വോട്ടർമാർ

അന്തിമ വോട്ടർപട്ടികയിലുള്ളത് 1593575 വോട്ടർമാരാണ്. 778117 പുരുഷന്മാരും 815448 പേർ സ്ത്രീകളും.10 ട്രാൻസ്ജൻഡർ വോട്ടർമാരുമുണ്ട്. പൂഞ്ഞാറിലാണ് കൂടുതൽ വോട്ടർമാർ 189091. കുറവ് വൈക്കത്ത് : 164469.

27331 പേർ വോട്ട് ചെയ്തു

വോട്ടെടുപ്പിന് മുൻപ് ജില്ലയിൽ 27331 പേർ വോട്ടു ചെയ്തു. 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, അവശ്യ സേവന വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ, കൊവിഡ് ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങിയവരാണ് വോട്ട് രേഖപ്പെടുത്തിയത്. 22661 പേർ 80 വയസിന് മുകളിലുള്ളവരാണ്.