ഐശ്വര്യ കേരളത്തിനായി യു.ഡി.എഫിനെ അധികാരത്തിലേറ്റുക

Sunday 04 April 2021 12:00 AM IST

കേരളത്തിന്റെ ചരിത്രഗതി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ആറാം തീയതി നടക്കുന്നത്. പിണറായി സർക്കാർ ഭരിച്ച അഞ്ചു വർഷം എണ്ണിയാലൊടുങ്ങാത്ത അഴിമതികളും തട്ടിപ്പുകളുമാണ് അരങ്ങേറിയത്. ലക്ഷക്കണക്കിന് വ്യാജവോട്ടർമാരെ സൃഷ്ടിച്ച് വൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ശ്രമിച്ചത്. വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിച്ച് അദാനിക്ക് 1000 കോടി രൂപ ലാഭമുണ്ടാക്കുന്ന വൻ അഴിമതിയും പ്രതിപക്ഷം പൊളിച്ചു. നമ്മുടെ മത്സ്യസമ്പത്ത് 5000 കോടി രൂപയ്ക്ക് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് തീറെഴുതാനുള്ള നീക്കവും തക‌ർത്തു. കോവിഡ് പടർന്നപ്പോൾ ജനങ്ങളുടെ ആരോഗ്യ വിവരം അമേരിക്കൻ കമ്പനിയായ സ്‌പ്രിംക്ലറിന് നൽകാൻ ശ്രമിച്ചതും പുറത്തു കൊണ്ടുവന്നു.
നയതന്ത്ര സ്വർണക്കടത്തിൽ ജയിലിലായത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനാണ്. വിദേശത്തേക്ക് ഡോളർ കടത്തിയതിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്നാണ് ജയിലിൽ കഴിയുന്ന സ്വപ്നയുടെ മൊഴി. 20 കോടിയുടെ ലൈഫ് പദ്ധതിയിൽ 9 കോടി കമ്മിഷനായും കൈക്കൂലിയായും മറിഞ്ഞു. സ്വർണ്ണക്കള്ളക്കടത്തും പമ്പാമണൽക്കടത്തും ബ്രൂവറി ഡിസ്റ്റിലറി ഇടപാടും ട്രാൻസ്ഗ്രിഡ് പദ്ധതിയും സ്‌പ്രിംഗ്ലറും ഇമൊബിലിറ്റിയും കിഫ്ബിയും വരെയുള്ള അഴിമതികൾ. പ്രതിപക്ഷത്തിന്റെ എല്ലാ അഴിമതിയാരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞു.

വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ യു ഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികളെല്ലാം ഈ സർക്കാർ തകിടം മറിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി അട്ടിമറിച്ചു.


പി.എസ്.സി യെ തകർത്തു,

കൊവിഡ് വ്യാപനം ചെറുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പി.എസ്.സിയെ നോക്കു കുത്തിയാക്കി പിൻവാതിൽ നിയമനം മേളയാക്കി. റാങ്ക് ലിസ്റ്റുകളിലെ മിടുക്കന്മാർക്ക് നിയമനത്തിനായി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യേണ്ടി വന്നു.

പിണറായി അധികാരമേറ്റ ശേഷം 38 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. വാളയാർ പെൺകുട്ടികൾ ദൂരൂഹമായി കൊല്ലപ്പെട്ട കേസ് സർക്കാർ ആഭിമുഖ്യത്തിൽ അട്ടിമറിക്കപ്പെട്ടു.

ശബരിമലയിൽ ആചാരങ്ങളെ ചവിട്ടി മെതിച്ചു

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ചു. യു.ഡി.എഫിനെ ദുർബലമാക്കാൻ ബി.ജെ.പിയെ ശക്തിപ്പെടുത്തുക എന്ന കുടില തന്ത്രമാണ് സി.പി.എം സ്വീകരിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഇത് വ്യക്തമായി. പൊലീസ് കാവലിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരം തകർത്ത സർക്കാർ തെറ്റു സമ്മതിച്ച് മാപ്പ് പറഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി വരുമ്പോൾ എല്ലാവരുമായി ചർച്ച ചെയ്യാമെന്ന് പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കുകയാണ്. വിശ്വാസ സംരക്ഷണത്തിന് നിയമം നിർമ്മിക്കുമെന്ന് പ്രസംഗിച്ച പ്രധാനമന്ത്രി മോദിയും വാക്കു പാലിച്ചില്ല. ബി.ജെ.പിക്ക് പാർട്ടി വളർത്താനുള്ള സുവർണ്ണാവസരം മാത്രമായിരുന്നു ശബരിമല. യു ഡി എഫ് വിശ്വാസികൾക്കൊപ്പം നിൽക്കുകയും കോടതിയിലും പാർലമെന്റിലും നിയമസഭയിലും വിശ്വാസ സംരക്ഷണത്തിനായി പോരാടുകയും ചെയ്തു.

പെട്രോളിലെ കൊള്ള

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയർത്തി ജനത്തെ പിഴിയുന്നു. യു.ഡി.എഫ് സർക്കാർ പെട്രോളിയം വില വർദ്ധനവിലൂടെ അധിക വരുമാനമായി ലഭിച്ച 619.17 കോടി രൂപ വേണ്ടെന്ന് വച്ചപ്പോൾ ഈ സർക്കാർ ഒരു പൈസ ഇളവ് ചെയ്‌തില്ല.

ഐശ്വര്യ കേരളം, ലോകോത്തര കേരളം

ഐശ്വര്യകേരളം ലോകോത്തരകേരളം എന്ന മുദ്രാവാക്യമാണ് യു ഡിഎഫിന്റേത്. ലോകോത്തര കേരളം സൃഷ്ടിക്കാനുള്ള പ്രകടനപത്രികയുമുണ്ട്.പാവപ്പെട്ട കുംബങ്ങൾക്ക് മാസം 6000 രൂപ വീതം വർഷം 72000 രൂപ നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കും. 40 - 60 വയസുള്ള തൊഴിൽ രഹിതരായ വീട്ടമ്മാർക്ക് മാസം 2000 രൂപ നൽകാനുള്ള പദ്ധതിയും ഉണ്ട്.

അഴിമതിയിൽ മുങ്ങിത്താണ ഇടതു സർക്കാരിൽ നിന്ന് കേരളത്തെ മോചിപ്പിച്ച് സംശുദ്ധമായ ഭരണം സമ്മാനിക്കാൻ എല്ലാ വോട്ടർമാരും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.