സിദ്ദിഖ് കാപ്പനെതിരെ കുറ്റപത്രം സമർപ്പിച്ചു

Sunday 04 April 2021 12:52 AM IST

ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പിയിൽ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെയും മറ്റ് ഏഴു പേർക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മഥുര കോടതിയിൽ സമർപ്പിച്ച 5000ത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി മലയാളിയായ കെ.എ. റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, അസദ് ബദ്‌റുദ്ദീൻ, ഫിറോസ്, ഡാനിഷ് സമദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

ഹാഥ്‌രസിൽ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ സിദ്ദിഖ് ആണെന്നും ആസൂത്രണത്തോടൊപ്പം പണമെത്തിക്കുകയും ചെയ്തത് റൗഫ് ഷെരീഫാണെന്നും കുറ്റപത്രത്തിൽ പറയുന്നുവെന്നാണ് വിവരം.