ഇന്ന് ഈസ്റ്റർ; പള്ളികളിൽ പ്രത്യേക പ്രാർത്ഥന

Sunday 04 April 2021 2:17 AM IST

തിരുവനന്തപുരം:യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. പീഡകൾ സഹിച്ച് മരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മയാചരിച്ചാണ് ഈസ്റ്റർ. ജില്ലയിലെ വിവിധ പള്ളികളിൽ ഇന്നലെ രാത്രി മുതൽ പ്രത്യേക പ്രാർത്ഥനകളും ഉയർപ്പ് തിരുകർമങ്ങളും ആരംഭിച്ചു. പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ഇന്നലെ രാത്രി 10.30ന് ശുശ്രൂഷകൾ ആരംഭിച്ചു. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാർമികനായി. ഇന്ന് രാവിലെ ഏഴിനും 8.45നും വൈകിട്ട് അഞ്ചിനും ദിവ്യബലിയുണ്ടാകും.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഇന്ന് രാവിലെ 7.30ന് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിക്കും. രാവിലെ 10.30 നും വൈകിട്ട് അഞ്ചിനും 6.45നും ദിവ്യബലി. പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്ന് പുലർച്ചെ നാലിനാണ് തിരുകർമങ്ങൾ ആരംഭിക്കുക. പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. പേരൂർക്കട ലൂർദ് ഹിൽ ദേവാലയത്തിൽ പുലർച്ചെ രാവിലെ മൂന്നിന് തിരുകർമങ്ങൾ. രാവിലെ 6.30ന് കുർബാന.