പ്രതിഷേധവുമല്ല, രാഷ്ട്രീയവുമല്ല; സെെക്കിൾ യാത്രയ്ക്കു പിന്നിലെ കാരണം ഇങ്ങനെ, അമ്പരന്ന് വിജയ് ആരാധക‌ർ

Tuesday 06 April 2021 6:36 PM IST

ചെന്നൈ: തമിഴ് ചലചിത്രതാരം വിജയ് സൈക്കിളിൽ വോട്ടുചെയ്യാൻ പോയ സംഭവത്തിൽ വിശദീകരണവുമായി താരത്തിന്റെ ഔദ്യോഗിക വക്താവ്. താരത്തിന്റെ നടപടി ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചായിരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനുപിന്നാലെയാണ് വിശദീകരണം നൽകിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചെന്നൈയിലെ നിലൻകാരൈ പോളിംഗ് സ്‌റ്റേഷനിലാണ് വിജയ് സൈക്കിളിലെത്തി വോട്ട് രേഖപ്പെടുത്തിയത്. താരത്തെ കണ്ടതോടെ ആവേശത്തിൽ നിയന്ത്രണം വിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ടായി.

ട്രോളുകളും മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പോളിംഗ് ബൂത്ത് വസതിക്കടുത്തായതുകൊണ്ടാണ് വിജയ് കാറിനുപകരം സൈക്കിൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. കാർകൊണ്ട് പോകുന്നത് റോഡ് കൂടുതൽ തിങ്ങിനിറയുന്നതിന് കാരണമായേക്കാമെന്നും ഇതിനു പിന്നിൽ മറ്റൊരു ഉദ്ദേശ്യവുമില്ലെന്നുമാണ് താരത്തിന്റെ വക്താവ് നൽകിയിരിക്കുന്ന വിശദീകരണം.