കണ്ണൂരിൽ മുസ്ളിം ലീഗ് പ്രവർത്തകനെ വെട്ടികൊന്നു, സിപിഎം പ്രവർത്തകൻ പിടിയിൽ

Wednesday 07 April 2021 7:04 AM IST

കണ്ണൂർ: പാനൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ആക്രമണത്തിൽ മൻസൂറിന്റെ സഹോദരന്‍ മുഹ്‌സിന് ഗുരുതരമായ പരിക്കുണ്ട്. ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.