വേണമെങ്കിൽ അവളെ വോട്ടുചെയ്യാൻ വിടാം... ഗർഭിണിയായ സഹോദരിയ്‌ക്കൊപ്പം വോട്ടുചെയ്യാനെത്തിയ നേവി ഉദ്യോഗസ്ഥനെ അപമാനിച്ച് എ എസ് ഐ 

Wednesday 07 April 2021 9:09 AM IST

വെള്ളനാട്: ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ മോശമായി പെരുമാറിയതിനെ തുടർന്ന് നേവി ഉദ്യോഗസ്ഥനും അമ്മയും വോട്ട് ചെയ്തില്ല. വെള്ളനാട് മധു ഭവനിൽ എം.എസ്. അനന്തനോടാണ് ഗ്രേഡ് എ.എസ്.ഐ മോശമായി പെരുമാറിയത്. ഗർഭിണിയായ സഹോദരിയെ എസ്.എ.ടി ആശുപത്രിയിൽ കൊണ്ടുപോകാനാണ് രാവിലെ അനന്തൻ അമ്മയ്ക്കും സഹോദരിക്കുമൊപ്പം വെള്ളനാട് ചാങ്ങ എൽ.പി സ്‌കൂളിലെത്തിയത്. ബൂത്തിൽ തിരക്കുണ്ടായിരുന്നതിനെ തുടർന്ന് ആര്യനാട് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ എസ്. ബിജുവിനോട് സഹോദരിയുടെ കാര്യം പറഞ്ഞു.

സഹോദരിയെയും തന്നെയും അമ്മയെയും വോട്ടുചെയ്യാൻ അനുവദിക്കണമെന്ന് പറഞ്ഞു. എന്നാൽ '' കുടുംബത്തോടെ വോട്ടുചെയ്യാൻ ഇവിടെ കോണ്ട്രാക്ട് ഒന്നുമില്ല, വേണമെങ്കിൽ അവളെ വോട്ടുചെയ്യാൻ വിടാം, നിങ്ങൾ വരിയിൽ നിൽക്കണം, ഇല്ലെങ്കിൽ വോട്ട് ചെയ്യണ്ടെന്നും '' ഗ്രേഡ് എ.എസ്.ഐ പറഞ്ഞെന്നാണ് പരാതി. നിരവധി തവണ അഭ്യർത്ഥിച്ചെങ്കിലും ഉദ്യോഗസ്ഥൻ മോശം വാക്ക് ഉപയോഗിച്ചെന്നും അമ്മയുടെയും സഹോദരിയുടെയും മുന്നിൽ അപമാനിച്ചെന്നും അനന്തു തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. ഒടുവിൽ സഹോദരിയെ മാത്രം വോട്ടുചെയ്യാൻ കയറ്റിവിട്ടു. സംഭവത്തെക്കുറിച്ച് ആര്യനാട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

ആര്യനാട് പൊലീസ് സ്റ്റേഷനിൽ മോശം പെരുമാറ്റത്തിന് വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബിജു. പ്രോട്ടോക്കോൾ ലംഘിച്ച് പൊലീസ് അസോസിയേഷനെതിരെ ഗവർണർക്ക് പരാതി നൽകിയതിനും ആര്യനാട് ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജരുമായി തർക്കമുണ്ടാക്കിയ സംഭവത്തിലും ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.