45 സീറ്റിൽ സി.പി.എമ്മും കോൺഗ്രസും വോട്ട് മറിച്ചു: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: 45 ലധികം നിയമസഭാ മണ്ഡലങ്ങളിൽ എൻ.ഡി.എയെ പരാജയപ്പെടുത്താൻ സി.പി.എമ്മും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചതായി എൻ.ഡി.എ സംസ്ഥാന ചെയർമാൻ പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ഇത് സി.പി.എം കേന്ദ്ര കമ്മറ്റിയുടെയും കോൺഗ്രസ് ഹൈക്കമാന്റിന്റെയും പൂർണ അറിവോടെയാണ് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സംസ്ഥാന ഘടകങ്ങൾ എൻ.ഡി.എ ജയസാധ്യതയുള്ള സീറ്റുകൾ പകുതി വീതം പങ്കിട്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിലവിലെ എൻ.ഡി.എയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ,മഞ്ചേശ്വരത്ത് സി.പി.എം വോട്ടുമറിച്ചെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകൾ ഈ അട്ടിമറിക്ക് തെളിവാണ്.
മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സി.പി.എം സഹായം തേടിയത് വരാൻ പോകുന്ന സി.പി.എം-കോൺഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്. പാനൂരിൽ മുസ്ലിംലീഗ് പ്രവർത്തകന്റെ കൊലപാതകം മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ്. പെരിയയിലെ അടക്കം യു.ഡി.എഫ് പ്രവർത്തകരുടെ രക്തസാക്ഷിത്വം വിസ്മരിച്ച് സി.പി.എം പിന്തുണ തേടിയ മുല്ലപ്പള്ളി അധികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തെളിയിച്ചു. പാനൂരിലെ കൊലപാതകത്തിൽ കോൺഗ്രസും യുഡിഎഫും നടത്തുന്ന പ്രതിഷേധത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.