വളരെ പ്രധാനപ്പെട്ട വിഷയം, കൂടുതൽ ആളുകൾ അറിയണം; നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിന് ആശംസകളുമായി പ്രധാനമന്ത്രി

Wednesday 07 April 2021 11:41 PM IST

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന 'റോക്കറ്ററി: ദി നമ്പി എഫക്ട്' സിനിമയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ പ്രധാനപ്പെട്ട വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും കൂടുതൽ ആളുകൾ ഇതിനെകുറിച്ച് അറിയണമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടുളള ചിത്രത്തിന്റെ സംവിധായകനും നടനുമായ ആർ. മാധവന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ചിത്രത്തിൽ നമ്പിനാരായണനായി വേഷമിടുന്നതും ആർ. മാധവൻ തന്നെയാണ്. നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക. മാധവന്റെ ട്രൈ കളർ ഫിലിംസും വർഗീസ് മൂലൻ പിക്‌ചേഴ്സും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.