അന്വേഷണസംഘം സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികൾ: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മൻസൂർ വധക്കേസില അന്വേഷണസംഘം സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളാണെന്ന് മുസ്ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം പറയുന്നത് ചെയ്യുന്ന ഉദ്യോഗസ്ഥനാണ് സംഘത്തലവൻ. അന്വേഷണം പ്രഹസനമാണ്. ഈ സംഘത്തിൽ വിശ്വാസമില്ല. തെളിവ് നശിപ്പിച്ച് കേസില്ലാതാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസ് തേച്ചുമാച്ച് കളയാമെന്നൊന്നും സി.പി.എം കരുതേണ്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിക്കണം. കുടുംബത്തിന്റെ നീതിക്കായി ഏതറ്റം വരെയും പോവും. പാർട്ടിയും മുന്നണിയും കുടുംബത്തിനൊപ്പം നിൽക്കും. നിയമപരമായ എല്ലാപിന്തുണയും നൽകും. കൊലപാതകം ആസൂത്രിതമാണ്. കൊലപാതകങ്ങൾ ഇനിയും തുടരാൻ സാദ്ധ്യതയുണ്ട്. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണകക്ഷിയാണ് ഇതിനുപിന്നിൽ. സംരക്ഷിക്കാൻ ആളുള്ളതിനാൽ പ്രതികൾക്ക് പേടിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.