മൻസൂർ വധക്കേസ്; നിർണായ പങ്ക് വഹിച്ചയാൾ കസ്റ്റഡിയിൽ, പ്രതികളെല്ലാം സി പി എം നേതാക്കളും പ്രവർത്തകരും

Saturday 10 April 2021 7:51 AM IST

കണ്ണൂർ:പാനൂരിലെ ലീഗ് പ്രവർത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്. കേസിൽ നിർണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. രാവിലെ പത്ത് മണിക്ക് കമ്മിഷണർ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. പ്രതിപ്പട്ടികയിലുളള മിക്കവരും സി പി എം നേതാക്കളും പ്രവർത്തകരുമാണ്. എട്ടാം പ്രതി ശശി സി പി എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിർ സി പി എം ലോക്കൽ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡി വൈ എഫ് ഐ പാനൂർ മേഖല ട്രഷററുമാണ്.

നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകിട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സി പി എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഴുവൻ പ്രതികളെയും പിടികൂടാത്തതിനെതിരെ യു ഡി എഫ് പാനൂരിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷമാകും സംഗമത്തിൽ പങ്കെടുക്കുക.

എഫ് ഐ ആറിലുളള ഒരു പ്രതികളെയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. തലശേരി, ധർമ്മടം ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്. മൻസൂറിന്റെ കൊലപാതകത്തിനായി അക്രമികൾ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റിമാൻഡിലായ പ്രതി ഷിനോസിന്റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ച ഷിനോസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.