ഉത്തർപ്രദേശിൽ കൊവിഡ് വാക്‌സിന് പകരം റാബിസ് വാക്‌സിൻ കുത്തിവച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

Saturday 10 April 2021 11:22 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്‌പ്പിനെത്തിയ മൂന്ന് മുതിർന്നവർക്ക് പേവിഷബാധ പ്രതിരോധത്തിനുള‌ള റാബിസ് വാക്‌സിൻ നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഉത്തർപ്രദേശിലെ ശാമിലി ജില്ലയിൽ നടന്ന സംഭവത്തിൽ അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസറും സബ് ഡിവിഷണൽ മജിസ്‌ട്രേ‌റ്റും അന്വേഷണം നടത്തണമെന്ന് ജില്ലാ മജിസ്‌ട്രേ‌റ്റ് ജസ്‌ജിത് കൗർ ആവശ്യപ്പെട്ടു.

പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ശാമിലി ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. പരമാവധി വേഗത്തിൽ അന്വേഷണം പൂ‌ർത്തിയാക്കി റിപ്പോർട്ട് സമ‌ർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 60 വയസ് കഴിഞ്ഞ മൂന്നുപേരിലാണ് റാബിസ് വാക്‌സിൻ കുത്തിവയ്‌പ്പ് എടുത്തത്. എഴുപത് വയസുകാരി സരോജ്, 72 വയസുകാരിയായ അനാർക്കലി, 62 വയസുള‌ള സത്യവതി എന്നിവർക്കാണ് ഇങ്ങനെ വാക്‌സിൻ ആരോഗ്യകേന്ദ്രത്തിൽ നിന്നും കുത്തിവച്ചത്. ഇതിൽ സരോജിന് തലകറക്കവും ക്ഷോഭവും ഉണ്ടാകുകയും മ‌റ്റ് അസ്വാസ്ഥ്യങ്ങൾ കൂടുകയും ചെയ്‌തതോടെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് കൊവിഡ് വാക്‌സിന് പകരം റാബിസ് വാക്‌സിൻ നൽകിയെന്ന് തെളിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ‌റ്റ് രണ്ടുപേർക്ക് കൂടി വാക്‌സിൻ നൽകിയതായി തെളിഞ്ഞു. ആരോഗ്യകേന്ദ്രത്തിൽ രണ്ട് ഭാഗത്തായാണ് കൊവിഡ് വാക്‌സിനും ആന്റി റാബിസ് വാക്‌സിനും നൽകുന്നത്. ഫാർമസിസ്‌റ്റിന് വന്ന തെ‌റ്രാണെന്ന് ആരോപണമുണ്ടെങ്കിലും കുറിപ്പിൽ വാക്‌സിൻ എഴുതിയതിലുൾപ്പടെ തെ‌റ്റ് വന്നതെങ്ങനെ എന്നതിനെക്കുറിച്ച് അന്വേഷണമുണ്ടാകും. 'ഏതെങ്കിലും ഓഫീസറോ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനോ തെ‌റ്റ് ചെയ്‌തതായി കണ്ടാൽ ശക്തമായ നടപടി അവർക്കെതിരെ ഉണ്ടാകും' ജില്ലാ മജിസ്‌ട്രേ‌റ്റ് ജസ്‌ജിത് കൗർ അറിയിച്ചു.