ബംഗാൾ തിരഞ്ഞെടുപ്പ്: സൈനികർ വെടിവച്ചത് സ്വയരക്ഷയ്ക്ക്; ജനങ്ങളെ കേന്ദ്ര സേനയ്‌ക്കെതിരെ തിരിച്ചത് മമതയെന്ന് പ്രധാനമന്ത്രി

Saturday 10 April 2021 4:42 PM IST

കൊൽക്കത്ത: ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് വേളയിൽ നടന്ന ആക്രമസംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിയ നരേന്ദ്രമോദി കേന്ദ്ര സേനയ്‌ക്കെതിരെ ജനങ്ങളെ തിരിച്ചതിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. അതേസമയം കൂച്ച് ബെഹാറിലെ സിതാൽകുചി മണ്ഡലത്തിലെ 126ാം നമ്പർ ബൂത്തിൽ തിരഞ്ഞെടുപ്പ് നിർത്തി വച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

കൂച്ച് ബെഹാറിൽ 300-350തോളം വരുന്ന ആളുകൾ സി.ഐ.എസ്.എഫ് സൈനികരെ ആക്രമിക്കുകായിരുന്നു. സംഘം സൈനികരിൽ നിന്നും ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും സ്വയരക്ഷയ്ക്കായി വെടിവയ്‌ക്കേണ്ടിവരികയായിരുന്നെന്നുമാണ് കൂച്ച് ബെഹാർ എസ്.പി നൽകിയിരിക്കുന്ന വിശദീകരണം. ഇന്ന് നടക്കുന്ന നാലാംഘട്ട തിരഞ്ഞെടുപ്പ് ബംഗാളിലെ പ്രമുഖ നേതാക്കൻമാരുടെ വിധി നിർണയിക്കുന്നതിൽ സുപ്രധാനമാണ്. ഇക്കൂട്ടത്തിൽ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, പശ്ചിമ ബംഗാൾ മന്ത്രിമാരായ പാർത്ത ചാറ്റർജി, അരൂപ് ബിശ്വാസ് എന്നിവരും ഉൾപ്പെടും.

ഈ ഘട്ടത്തിൽ, വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ, അലിപൂർദുർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 44 സീറ്റുകളലും 'സൗത്ത് 24 പർഗാനാസ്', ഹൗറ, ഹൂഗ്ലി എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹൗറയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും സൗത്ത് 24 പർഗാനകളിലെ പതിനൊന്നും അലിപൂർദുവറിൽ അഞ്ചും കൂച്ച്‌ബെഹറിൽ ഒമ്പതും ഹൂഗ്ലിയിൽ പത്തും മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.