എക്സ്‌പ്രസ് വേ ഉപരോധിച്ച് കർഷകർ

Sunday 11 April 2021 12:01 AM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഡൽഹിക്ക് ചുറ്റുമായുള്ള കുണ്ട്ലി-മനേസർ- പൽവൽ എക്സ്‌പ്രസ് പാത ഉപരോധിച്ചു. ഇന്നലെ രാവിലെ എട്ടിനാരംഭിച്ച ഉപരോധം ഇന്ന് രാവിലെ എട്ടിന് അവസാനിക്കും. എക്സ്‌പ്രസ് വേ കടന്നുപോകുന്ന ഹരിയാനയിലെ അസോദ, മണ്ടോത്തി, ബാദ്ലി എന്നീ മൂന്നിടങ്ങളിലാണ് ഗതാഗതം തടഞ്ഞത്. ട്രാക്ടറുകളും മറ്റുവാഹനങ്ങളും റോഡിൽ നിരത്തിയും ധർണയിരുന്നുമായിരുന്നു ഉപരോധം. പലയിടത്തും പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു.

ഏപ്രിൽ 24 ന് സമരം 150 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. തൊഴിലാളികൾ, യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, ജീവനക്കാർ, വ്യാപാരികൾ എന്നിവരുടെ സംഘടനകളുമായി ചേർന്നായിരിക്കും പരിപാടികൾ.

ജാലിയൻവാലാബാഗ് വാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 13 ന് രക്തസാക്ഷികളെ അനുസ്മരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 14 ന് അംബേദ്ക്കർ ജയന്തി ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ഈ ദിവസം ദളിത് വിഭാഗത്തിൽ നിന്നുള്ള പ്രക്ഷോഭകരാകും പൂർണമായും സമരവേദികൾ നിയന്ത്രിക്കുക.