പൂലന്തറയിൽ അന്യസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൈ അറ്റുതൂങ്ങിയ നിലയിൽ
പോത്തൻകോട്: കുടുംബവഴക്കിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപിച്ചു. കൈ അറ്റ് തൂങ്ങുകയും തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത യുവതിയെയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെയും നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഛത്തീസ്ഗഢ് സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ കുശാൽ സിംഗ് മറാബിയെ (31) പോത്തൻകോട് പൊലീസ് അറസ്റ്ര് ചെയ്തിട്ടുണ്ട്. കുശാൽ സിംഗിന്റെ ഭാര്യ സീതാഭായി (26), മകൻ അരുൺ സിംഗ് (6) എന്നിവർക്കാണ് തേങ്ങവെട്ടാനുപയോഗിക്കുന്ന വെട്ടുകത്തികൊണ്ട് വെട്ടേറ്റത്. ശാന്തിഗിരി ആശ്രമത്തിന് സമീപം പൂലന്തറയിലെ വാടക വീട്ടിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. വഴക്കിനെത്തുടർന്ന് ഭാര്യയെയും മകനെയും ഗുരുതരമായി മർദ്ദിച്ച ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കുട്ടിക്കും തലയിൽ വെട്ടേറ്റിട്ടുണ്ട്. ഛത്തീസ്ഗഢ് ബിലാസ്പൂർ ജില്ലയിൽ ബൻജോർക ഖോടരി സ്വദേശികളായ കുടുംബം ഏതാനും ദിവസം മുമ്പാണ് പൂലന്തറയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.