ദുരൂഹ സാഹചര്യത്തിൽ കൊച്ചുതോവാളയിൽ വൃദ്ധ മരിച്ച സംഭവത്തിൽതെളിവില്ലാതെ പൊലീസ്
ആഭരണങ്ങൾ നഷ്ടമായി, അലമാരിയിൽ ലക്ഷം രൂപ കണ്ടെത്തി പോസ്റ്റുമോർട്ടം ഇന്ന്, സൂചനകൾലഭിക്കുമെന്ന് പ്രതീക്ഷ
കോട്ടയം: കട്ടപ്പന കൊച്ചുതോവാളയിൽ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവുകളൊന്നും ലഭിക്കാതെ പൊലീസ്. മൃതശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും ഇൻക്വസ്റ്റിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാറും സംഘവും. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ച് പോസ്റ്റുമോർട്ടം നടത്തും. കട്ടപ്പന കൊച്ചുപുരയ്ക്കൽതാഴത്ത് കെ.പി. ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ (63) ആണ് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞത്. ഇന്നലെ വെളുപ്പിനെ ആയിരുന്നു സംഭവം. ശരീരത്തിൽ ധരിച്ചിരുന്ന മാലയും വളകളും മോതിരവും അടക്കം നാലു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഭർത്താവിന്റെ മൊഴിയെ തുടർന്ന് പൊലീസ് അന്വേഷണം വിപുലീകരിച്ചു. മോഷണമാവാം ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മുറിയിൽ മൽപ്പിടുത്തം നടത്തിയതായി യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ വീടിന്റെ പിറകിലത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ഇന്നലെ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരിയിൽ 25 പവന്റെ സ്വർണാഭരണങ്ങൾ ഇരിപ്പുണ്ടായിരുന്നു. വീടുപണി നടക്കുന്നതിനാൽ ബാങ്കിൽ നിന്നും എടുത്തവച്ച ഒരു ലക്ഷത്തോളം രൂപയും അലമാരിയിൽ തന്നെ ഉണ്ടായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന ജോർജിന്റെ വീട്ടിൽ പണമുണ്ടാവുമെന്ന് കരുതി കയറിയ മോഷ്ടാക്കൾ എന്തുകൊണ്ട് അലമാരി പരിശോധിച്ചില്ലായെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഒരു കാര്യം. ജോർജിന് ശത്രുക്കളൊന്നും ഉള്ളതായി അറിയില്ല. പിന്നെ എന്താണ് ഇതിന് പിറകിലെന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിക്കണം. ഇതുകഴിഞ്ഞേ കാര്യമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുകയുള്ളു. വീടുപണി നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴെത്തെ നിലയിലുമാണ് കിടന്ന് ഉറങ്ങിയിരുന്നത്. തൃശൂരിലെ മകളുടെ വീട്ടിലേക്ക് വെളുപ്പിനെ പോവാനായി തലേദിവസം തന്നെ ഡ്രസുകളും മറ്റും ബാഗിലാക്കി വച്ചിരുന്നു. ഇന്നലെ വെളുപ്പിന് നാലരയോടെ ചിന്നമ്മയെ വിളിച്ചുണർത്താനായി താഴത്തെ നിലയിൽ എത്തിയപ്പോൾ കട്ടിലിൽ നിന്ന് താഴെവീണുകിടക്കുന്ന നിലയിലായിരുന്നു. വായിൽ നിന്ന് രക്തം വന്നിരുന്നു. കൂടാതെ ഒരു തുണി വായിൽ കടിച്ചുപിടിച്ചിട്ടുമുണ്ടായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. വിവരമറിഞ്ഞ് കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ നഷ്ടമാവാതിരിക്കാൻ നടപടി സ്വീകരിച്ചു. ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. രണ്ട് പെൺമക്കൾ ന്യുസിലന്റിലാണ്. മകൻ കുവൈറ്റിലും. കോതമംഗലം, തൃശൂർ എന്നിവിടങ്ങളിലാണ് 2 പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുള്ളത്. മക്കൾ: അനു, അഞ്ജന, അനുജ, അനീറ്റ, എൽദോസ്. മരുമക്കൾ: ബിജു, എൽദോസ്, മാത്തുക്കുട്ടി, ജിസ്. ചിന്നമ്മയെ ഇന്നലെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. കൊവിഡ് നെഗറ്റീവ് ആയതിനാൽ ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.