റോക്ക് പ്രസിഡന്റാകണമെന്ന് അമേരിക്കക്കാർ!

Monday 12 April 2021 12:30 AM IST

വാഷിംഗ്ടൺ​: ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേറ്റ് ആറ് മാസം തികയുന്നതിന് മുൻപ് തന്നെ അടുത്ത പ്രസിഡന്റിനെ തേടി അമേരിക്കക്കാർ. കൺസ്യൂമർ റിസ‌ർച്ച്​ കമ്പനിയായ പിപ്പിൾ സേ നടത്തിയ സർവേയിൽ രാജ്യത്തിന്‍റെ 47-ാം പ്രസിഡന്റാകാൻ യോഗ്യനായി അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത് ലോകപ്രശ്സത ഹോളിവുഡ് താരവും മുൻ റസലിംഗ് താരവുമായ റോക്കെന്ന ഡ്വയ്ൻ ജോൺസനെയാണ്. 30,138 പേർ പ​ങ്കെടുത്ത സർവേയിൽ 46 ശതമാനം ആളുകളാണ്​ റോക്കിന് അനുകൂലമായി വോട്ട് ചെയ്തത്​. താൻ ആശ്ചര്യപ്പെട്ടുവെന്നും പൂർവപിതാക്കന്മാർ തന്നെപ്പോലെയുള്ള ഒരാളെ പ്രസിഡന്റായി വിഭാവനം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു ഇതിനെക്കുറിച്ച് റോക്ക്​ ട്വിറ്ററിൽ കുറിച്ചത്​.

നേരത്തെ ചില അഭിമുഖങ്ങളിലും പ്രസിഡന്റാകാൻ താൽപര്യമുണ്ടെന്ന്റോക്ക്​ വെളിപ്പെടുത്തിയിരുന്നു. ജനങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഭാവിയിൽ പ്രസിഡന്റ് പദത്തിലേക്ക്​ മത്സരിക്കുന്നതിനെ കുറിച്ച്​ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 200 ദശലക്ഷം ഫോളോവേഴ്​സുമായി ഇൻസ്റ്റഗ്രാമിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അമേരിക്കക്കാരനാണ് 48കാരനായ റോക്ക്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഹോളിവുഡ് താരങ്ങളിൽ ഒരാൾ കൂടിയാണദ്ദേഹം.റോക്ക് നായകനായി അഭിനയിച്ച നിരവധി ചിത്രങ്ങളാണ്പുറത്തറങ്ങാനുള്ളത്. അതേസമയം, റോക്ക്​ ഡബ്ല്യിയു.ഡബ്ല്യിയു.ഇയിലേക്ക് മടങ്ങിപ്പോകുന്നുവെന്നും വാർത്തകളുണ്ട്​. റസ്​ൽമാനിയ 39ൽ റോമൻ​ റെയ്​ൻസുമായി റോക്കിന്‍റെ മത്സരമുണ്ടാകുമെന്നാണ്​ റിപ്പോർട്ടുകൾ.

ടെക്​സാസ്​ ഗവർണറാകാൻ ഒരുങ്ങുന്ന അക്കാഡമി പുരസ്​കാര ജേതാവ്​ മാത്യു മകോനഹേക്കിനും സർവേയിൽ ജനപിന്തുണ ലഭിച്ചു. 41 ശതമാനം ആളുകൾ അദ്ദേഹം ഗവർണറാകുന്നതിനെ അനുകൂലിച്ചു.