ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി
ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് നന്ദനത്തിൽ ദീപയുടെ കനറാ ബാങ്കിന്റെ ആറ്റിങ്ങൽ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് മുന്ന് തവണയായി 19,971 രൂപ 17 പൈസ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞമാസം 31ന് രാത്രി 12ന് ശേഷം അടുത്തടുത്ത സമയങ്ങളിലായാണ് 7573 രൂപ 55 പൈസ, 6367 രൂപ 25 പൈസ, 5850 രൂപ 33 പൈസ എന്നിങ്ങനെ നഷ്ടപ്പട്ടത്. ഇതിൽ രണ്ട് ഇടപാടുകളുടെ മെസേജ് മൊബൈൽ ഫോണിൽ വന്നിട്ടുണ്ട്. എന്നാൽ 5850.33 രൂപയുടെ ഇടപാടിന്റെ മെസേജ് വന്നിട്ടില്ലെന്നാണ് പറയുന്നത്. അടുത്ത ദിവസം മെസേജ് പരിശോധിച്ച ദീപ ബാങ്കിലെത്തി സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് മൂന്ന് തവണയായി പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ബാങ്കിലും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ബാങ്കിനാണ് പൂർണ ഉത്തരവാദിത്വമെന്നും പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സി.ഐ അറിയിച്ചതായും ദീപ പറഞ്ഞു. എ.ടി.എം വഴിയുള്ള ഇടപാടിനിടെ ഫേക്ക് മെസേജിൽ ക്ളിക്ക് ചെയ്തിരിക്കാമെന്നാണ് സംശയമെന്നും നൈജീരിയ കേന്ദ്രമാക്കിയുള്ള സംഘമാവാം തട്ടിപ്പിന് പിന്നിലെന്നും സംശയിക്കുന്നതായി കനറാ ബാങ്ക് മാനേജർ രാജേഷ് പറഞ്ഞു. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വരാൻ സാദ്ധ്യതയുള്ള ഫേക്ക് മെസേജുകൾ ഇടപാടുകാർ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പണം നഷ്ടപ്പെട്ട വാർത്ത പരന്നതോടെ ഇടപാടുകാർ ഭയപ്പാടിലാണ്.