ഒന്നരക്കോടി തട്ടിയെടുക്കാൻ ശ്രമിച്ച നാലു യുവാക്കൾ അകത്ത്
ചാലക്കുടി: ചാലക്കുടി ഡിവിഷൻ പരിധിയിൽ പ്രമുഖ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടിയോളം രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാലു യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം നെല്ലിമൂട് പൂതംകോട് സ്വദേശികളായ അരുൺരാജ് (25), പുളിമൂട് മഞ്ജു നിവാസിൽ അനന്തു ജയകുമാർ (24), കാട്ടാക്കട കൊളത്തുമ്മൽ കിഴക്കേക്കര വീട്ടിൽ ഗോകുൽ ജി. നായർ (23), തിരുമല വില്ലേജ് ലക്ഷ്മിനഗർ ജി.കെ നിവാസിൽ വിശ്വലാൽ ( 23) എന്നിവരെയാണ് ഡിവൈ.എസ്.പി കെ.എം ജിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സ്വകാര്യ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് അരുൺരാജ്, കാൽലക്ഷം രൂപ കൈക്കലാക്കുകയും പീന്നീട് വൻതുക തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ലോക് ഡൗണിനിടയിൽ വ്യാപാരിയുടെയും കുടുംബാംഗങ്ങളുടേയും സ്വകാര്യ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും പുറത്ത് വിടാതിരിക്കാൻ ഒന്നരക്കോടി തരണമെന്നും ആവശ്യപ്പെട്ട് അജ്ഞാത ഫോൺ വിളിയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
ഉപേക്ഷിച്ച ഫോണിൽ നിന്നുമാണ് തനിക്ക് ചിത്രം ലഭിച്ചതെന്നും യുവാവ് അറിയിച്ചു. ഇതോടെ അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട കാൽ ലക്ഷത്തോളം രൂപ അയച്ചു. ഏതാനും ആഴ്ച കഴിഞ്ഞ് യുവാവ് വിളിച്ച് ഒന്നര കോടി രൂപ തരണമെന്ന് ആവശ്യപ്പെട്ടു. ഇനി മുതൽ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ആശയ വിനിമയം മതിയെന്നും പറഞ്ഞു.
മാനസിക സംഘർഷത്തിലായ വ്യാപാരി സുഹൃത്തിന്റെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതിപ്പെട്ടു. ഡിവൈ.എസ്.പി കെ.എം ജിജിമോൻ സംഭവം ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ ശ്രദ്ധയിൽപെടുത്തി. ഇതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഏറെസമയവും പ്രവർത്തന രഹിതമായ സിം കാർഡിന്റെ ഉടമയെ തേടി ആന്ധ്രയിലെത്തിയപ്പോൾ എഴുപത് വയസോളം പ്രായമുള്ള മേസൺ ജോലി ചെയ്തിരുന്ന ആളാണ് ഉടമയെന്ന് കണ്ടെത്തി.
മാർത്താണ്ഡം സ്വദേശികൾക്കൊപ്പം കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്നതായും ഒരിക്കൽ ഫോൺ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്ന് അന്വേഷണത്തിൽ പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചന ലഭിച്ചു. ഇതേത്തുടർന്ന് തിരുവനന്തപുരത്തെ ലഹരി മാഫിയ സംഘത്തെ നിരീക്ഷിച്ചതിലൂടെ ഈ സംഘത്തിലെ അനന്തുവിനെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇയാളെയും ഒപ്പമുള്ളവരെയും കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്. അനന്തു തിരുവല്ലം പൊലീസിനെ ആക്രമിച്ച് സ്റ്റേഷനിലെ ജീപ്പ് തകർത്ത കേസിലും അരുൺ നിരവധി അടി പിടി കേസുകളിലും പ്രതികളാണ്. തിരുവനന്തപുരത്തിന്റെ തീരദേശങ്ങൾ കേന്ദ്രീകരിച്ച് വൻ ലഹരി വിൽപന നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയവരുടെ ഫോണുകളും കംപ്യുട്ടറുകളും മറ്റും ശാസ്ത്രീയ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ചാലക്കുടി സർക്കിൾ ഇൻസ്‌പെക്ടർ സൈജു കെ. പോൾ, കൊരട്ടി സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ അരുൺ, സബ് ഇൻസ്‌പെക്ടർമാരായ എം.എസ് ഷാജൻ, സജി വർഗ്ഗീസ്, ക്രൈം സ്‌ക്വാഡ് എസ്.ഐ ജിനുമോൻ തച്ചേത്ത്, അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ്, ആൻസൺ പൗലോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.