ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: പി.സി. ജോർജ്
തൊടുപുഴ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി ജോർജ് എം.എൽ.എയുടെ പ്രസംഗം വിവാദമായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പ്രമാണിച്ച് ഒരു സന്നദ്ധ സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഞാൻ പറഞ്ഞു, സുപ്രീംകോടതി പറഞ്ഞത് തെറ്റാണെന്ന്. മൂക്കിൽ കയറ്റുമോ സുപ്രീകോടതി. ഇത് അവസാനിപ്പിക്കാൻ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഇത് ഒളിച്ചുവച്ചിട്ട് കാര്യമില്ല. ഹിന്ദു രാഷ്ട്രമാക്കണമെന്ന് ഞാൻ പറഞ്ഞാൽ പ്രശ്നമാകുമെന്നറിയാം. അത് ഞാൻ നേരിട്ടോളാം.
നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ആ രാഷ്ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെയുള്ള വർഗീയതയാണ് എങ്ങും. അത് കേരളത്തിൽ കൂടുതലാണ്. ലോക ഹൈന്ദവരിൽ 68 ശതമാനം ഇന്ത്യയിലാണ്. എല്ലാ രാഷ്ട്രങ്ങളും ഒരു മതത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇസ്ലാമല്ലാത്തത് ശരിയല്ലെന്ന് പറയുന്നവരാണ് അറേബ്യൻ രാഷ്ട്രങ്ങൾ. അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളും ആ നിലയിലാണ്. ഫ്രാൻസ് മുസ്ലിംങ്ങൾ കൈയേറി മുസ്ലിം രാഷ്ട്രമാക്കുകയാണ്. ഇംഗ്ലണ്ടും മുസ്ലിംങ്ങൾ കൈയേറാൻ താമസമില്ല. 2030ഓടെ ഇന്ത്യ മുസ്ലിം രാജ്യമാക്കാൻ കേരളത്തിൽ അവർ പ്രവർത്തിക്കുകയാണ്. നോട്ട് നിരോധനത്തോടെ പുറത്ത് നിന്നുള്ള വരുമാനം നിലച്ചതോടെ അതിന് തടസമുണ്ടായി. ഈ രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിന് വിട്ടുകൊടുക്കണോയെന്ന് ചർച്ച ചെയ്യണം. എല്ലാവരും ഇത് മൂടിവച്ചിരിക്കുകയാണ്. എനിക്ക് അതിന് സൗകര്യമില്ല - ജോർജ് പറഞ്ഞു.