പഴമയുടെ പെരുമയുമായി എം.വി അഗസ്‌റ്റയുടെ സൂപ്പർവെലോസ്
കൊച്ചി: ബൈക്ക് യാത്ര ഒരു പാഷനായവർക്കും സൂപ്പർബൈക്കുകളെ ഇഷ്‌ടപ്പെടുന്നവർക്കുമായി എം.വി. അഗസ്‌റ്റ പരിചയപ്പെടുത്തുന്ന പുത്തൻ താരമാണ് സൂപ്പർവെലോസ്. എഴുപതുകളിലെ ഹരമായിരുന്ന റേസിംഗ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന 'റെട്രോ" രൂപകല്‌പനയും അത്യാധുനിക ഫീച്ചറുകളും ഒന്നിക്കുന്ന അഴകാണ് സൂപ്പർവെലോസിന്റെ പ്രധാന ആകർഷണം.
സൂപ്പർവെലോസിന്റെ 2021 എഡിഷനൊപ്പം പുതിയ സൂപ്പർവെലോസ് എസ് എന്ന പതിപ്പും എം.വി. അഗസ്‌റ്റ ഒരുക്കിയിട്ടുണ്ട്. യൂറോ-5 എമിഷൻ ചട്ടങ്ങൾ പാലിച്ചാണ് ബൈക്കുകളുടെ നിർമ്മാണം. പുതിയ 'പേൾ മെറ്റാലിക് യെല്ലോ മാറ്റ് മെറ്റാലിക് ഗ്രാഫൈറ്റ്" കളർ സ്‌കീം ആരുടെയും ഹൃദയം കവരും. സ്വർണനിറം പൂശിയതുപോലെ, ബൈക്കിന്റെ മുക്കുംമൂലയിലും മഞ്ഞനിറം ആകർഷകമായി ഉപയോഗിച്ചിരിക്കുന്നു. ഏഗോ റെഡ് ഏഗോ സിൽവർ ഫിനിഷോട് കൂടിയതാണ് മറ്റൊരു പതിപ്പ്. ഇരു പതിപ്പുകളും സിൽവർ നിറവും മനോഹരമായി എം.വി. അഗസ്‌റ്റ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
സറിയൽ വൈറ്റ് മാറ്റ് ഗോൾഡ് നിറമാണ് സൂപ്പർവെലോസ് എസിനുള്ളത്. ട്യൂബ്‌ലെസ് സ്‌പോക്ക്ഡ് വീലുകളും അൽകാന്റാറ ലെതർ സീറ്റും പ്രത്യേകതളാണ്. റേസിംഗ് പെരുമ വിളിച്ചോതുന്ന 798 സി.സി., 3-സിലിണ്ടർ, 4-സ്‌ട്രോക്ക്, 12-വാൽവ്, ഡി.ഒ.എച്ച്.സി എൻജിനാണുള്ളത്. 13,000 ആർ.പി.എമ്മിൽ 147 എച്ച്.പി കരുത്തുള്ള എൻജിനാണിത്. ടോർക്ക് 10,100 ആർ.പി.എമ്മിൽ 88 എൻ.എം. മണിക്കൂറിൽ 240 കിലോമീറ്ററാണ് ടോപ്പ് സ്‌പീഡ്. ഗിയറുകൾ ആറ്.
അലുമിനിയം അലോയ്, മുന്നിൽ മർസോച്ചീ അപ്‌സൈഡ് ഡൗൺ ടെലസ്‌കോപ്പിക് ഹൈഡ്രോളിക് ഫോർക്ക് സസ്‌പെൻഷൻ, പിന്നിൽ സാച്‌സ് മോണോഷോക്ക് സസ്‌പെൻഷൻ, മുൻ ടയറിൽ ബ്രെംബോ മോണോബ്ളോക്ക് 4- പിസ്‌റ്റൺ കാലിപ്പറോട് കൂടിയ ഡബിൾ ഫ്ളോട്ടിംഗ് ഡിസ്‌ക് ബ്രേക്ക്, പിന്നിൽ 2-പോട്ട് ബ്രെംബോ കാലിപ്പറോട് കൂടിയ സിംഗിൾ സ്‌റ്റീൽ ഡിസ്‌ക് ബ്രേക്ക്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എ.ബി.എസ്), വേറിട്ടതും പുതുമനിറഞ്ഞതുമായ ഹെഡ്‌ലാമ്പ്, എക്‌സ്‌ഹോസ്‌റ്റ് ഡിസൈനുകൾ എന്നിങ്ങനെയും മികവുകൾ ധാരാളം.
സ്‌പോർട്ട്, റെയിൻ, റേസ്, കസ്‌റ്റം റൈഡിംഗ് മോഡുകളുണ്ട്. ഒട്ടേറെ പുതുകളുള്ള ഇലക്‌ട്രോണിക്‌സ് പാക്കേജാണ് മറ്റൊരു പ്ളസ് പോയിന്റ്. എ.ബി.എസ്., ട്രാക്‌ഷൻ കൺട്രോൾ, ലിഫ്‌റ്റ് കൺട്രോൾ സിസ്‌റ്റം എന്നിവ ഉൾപ്പെടുന്ന ഐ.എം.യു യൂണിറ്റാണ് അതിലൊന്ന്. ലോഞ്ച് കൺട്രോളും ബൈ-ഡിറക്‌ഷണൽ ക്വിക്ക് ഷിഫ്‌റ്ററുമാണ് മറ്റൊന്ന്. ഇവയെല്ലാം തന്നെ 5.5 ഇഞ്ച് ഫുൾ കളർ ടി.എഫ്.ടി ഇൻസ്‌ട്രുമെന്റ് കൺസോളിൽ നിയന്ത്രിക്കാം. നാവിഗേഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്‌മാർട്ട്ഫോണും ഇതിലേക്ക് കണക്‌ട് ചെയ്യാം. പിലൺ സീറ്റ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുന്ന റേസിംഗ് കിറ്റോട് കൂടിയാണ് സൂപ്പർവെലോസ് എസ് എത്തുന്നത്.