ആക്രമണത്തിനിടയിൽ ബോധം പോയ രതീഷിനെ മറ്റ് പ്രതികൾ കെട്ടിതൂക്കി; ഗുരുതര ആരോപണവുമായി കെ സുധാകരൻ

Monday 12 April 2021 11:36 AM IST

കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. രണ്ടാം പ്രതിയെ മറ്റ് പ്രതികൾ ചേർന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വളയത്ത് ഒരു സി പി എമ്മുകാരന്റെ വീട്ടിലാണ് പ്രതികൾ ഒളിവിൽ താമസിച്ചത്. ഇവിടെ വച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമർശമാണ് തർക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. ഇതിനെ തുടർന്ന് മറ്റുളളവർ രതീഷിനെ ആക്രമിക്കുകയായിരുന്നു. പിന്നീട് ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്.

നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം വച്ചാണ് താൻ സംസാരിക്കുന്നതെന്നാണ് സുധാകരൻ പറയുന്നത്. പനോളി വത്സൻ എന്ന നേതാവാണ് മൻസൂർ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാർജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വത്സൻ വരാതിരുന്നത് സംശയമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.