ലോകായുക്ത ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് മന്ത്രി കെ ടി ജലീൽ

Monday 12 April 2021 11:42 AM IST

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മന്ത്രി കെ.ടി ജലീൽ. തനിക്കെതിരായ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് നാളെ ഹൈക്കോടതി അവധിക്കാല ബെഞ്ച് പരിഗണിക്കും. ഹർജി തീർപ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാണ് ജലീലിന്റെ ഹർജിയിലെ ആവശ്യം.

ബന്ധുനിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും അതിനാൽ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നതിന് മുഖ്യമന്ത്രി നടപടിയെടുക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദ്ദേശം. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത മാ‌റ്റാൻ മന്ത്രി ഉത്തരവിട്ടു. അദീപിന് ശരിയായ യോഗ്യതയില്ലാത്തതിനാലാണ് യോഗ്യത മന്ത്രി ഇടപെട്ട് മാ‌റ്റി നിശ്ചയിച്ചത്. തുടർന്ന് മന്ത്രിയുടെ മണ്ഡലത്തിൽ നിന്നുതന്നെയുള‌ള മുഹമ്മദ് ഷാഫി ലോകായുക്തയെ സമീപിച്ചു. ഈ പരാതിയിലായിരുന്നു ലോകായുക്ത നടപടി.

എന്നാൽ രേഖകളും മ‌റ്റ് കാര്യങ്ങളും നേരെ പരിശോധിക്കാതെയാണ് ലോകായുക്ത ഉത്തരവിറക്കിയതെന്ന് കാട്ടിയാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മന്ത്രിസഭ കാലാവധി പൂർത്തിയാകാൻ 18 ദിവസം മാത്രം ബാക്കി നിൽക്കെ മന്ത്രി ഉടൻ രാജിവയ്‌ക്കേണ്ടെന്നാണ് വിഷയത്തിൽ സിപിഎം അഭിപ്രായം.