കുട്ടികളുടെ മരണത്തിന് കാരണം ദുർമന്ത്രവാദമെന്ന് സംശയം, വയോധികനെ നാട്ടുകാർ അടിച്ചുകൊന്നു

Monday 12 April 2021 11:46 AM IST

ഭുവനേശ്വർ: മന്ത്രവാദിയാണെന്ന് സംശയിച്ച് വയോധികനെ നാട്ടുകാർ കൊലപ്പെടുത്തി. ദിമ്രിപങ്കൽ ഗ്രാമത്തിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ ധർമ്മ നായിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ രണ്ടു മക്കളുടെ മരണത്തിന് ഉത്തരവാദി ധർമ്മ നായിക്കാണെന്ന് സംശയിക്കുന്നതായി പ്രതികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തിലാണ് കുട്ടികൾ മരിച്ചത്. ഇവരുടേത് അസ്വാഭാവിക മരണമാണെന്നാണ് നാട്ടുകാരുടെ സംശയം. കുട്ടികൾ മരിക്കുന്നതിന് മുൻപ് ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം തന്റെ വീടിന് വെളിയിൽ ദുരൂഹത ഉണർത്തുന്ന വസ്തുക്കൾ ധർമ്മ നായിക്ക് വലിച്ചെറിയുന്നത് കണ്ടിരുന്നതായി പ്രതി പറഞ്ഞു.

മന്ത്രവാദം നടത്തി തന്റെ കുട്ടികളെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് പ്രതി ധർമ്മയുമായി വഴക്കിട്ടത്. ചുറ്റിക കൊണ്ട് ഇയാൾ ധർമ്മയെ അടിക്കുകയായിരുന്നു. മറ്റ് പ്രതികളും മർദ്ദിച്ചു.ഗുരുതരമായി പരിക്കേറ്റ ധര്‍മ്മ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.